കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍. കേസില്‍ 11ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എ സി മൊയ്തീന് ഇഡി വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. 11ന് തന്നെ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് എ സി മൊയ്തീന്‍ അറിയിച്ചു. ഇഡി ആവശ്യപ്പെട്ട രേഖകളും ഹാജരാക്കും. നിയമസഭ സമ്മേളനം നടക്കുന്ന സമയമാണെങ്കിലും ഹാജരാകുമെന്നും മൊയ്തീന്‍ വ്യക്തമാക്കി.
മൊയ്തീന് മൂന്നാംതവണയാണ് ഇഡി നോട്ടീസ് നല്‍കുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രണ്ടു തവണ നോട്ടീസ് നല്‍കിയപ്പോഴും മൊയ്തീന്‍ ഹാജരായിരുന്നില്ല. ഇഡി കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 31നും ഈ മാസം നാലിനും നോട്ടീസ് നല്‍കിയപ്പോഴാണ് അസൗകര്യം അറിയിച്ച് മൊയ്തീന്‍ ഹാജരാകാതിരുന്നത്. ഇഡി ആവശ്യപ്പെട്ട ആദായനികുതി രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്നാണ് മൊയ്തീന്‍ ആവശ്യപ്പെട്ടിരുന്നത്.
അതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ രണ്ടുപേരെ ഇഡി ഇന്നലെ അറസ്റ്റു ചെയ്തു. മുന്‍മന്ത്രി എ സി മൊയ്തീന്‍ എംഎല്‍എയുടെ ബിനാമിയെന്ന ആരോപണം നേരിടുന്ന സതീഷ് കുമാര്‍, ഇടനിലക്കാരനായ പി പി കിരണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് തട്ടിപ്പുകേസില്‍ ഇഡിയുടെ ആദ്യ അറസ്റ്റാണിത്.