തിരിച്ചു പോകാൻ കൂട്ടാക്കാതെ അരിക്കൊമ്പൻ…ഉൾക്കാട്ടിലേക്ക് അയക്കാൻ ശ്രമം തുടരുന്നു


ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പൻ അവിടെ തന്നെ തുടരുന്നു. ഊത്ത് എസ്റ്റേറ്റിലെ ചിത്രങ്ങൾ വനംവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഉൾക്കാട്ടിലേക്ക് അയക്കാൻ ശ്രമം തുടരുന്നതായി വനംവകുപ്പ് അറിയിച്ചു. രണ്ട് ദിവസമായി അരിക്കൊമ്പൻ തമിഴ്നാട്ടിലെ മാഞ്ചോലയിൽ ജനവാസമേഖലയിൽ എത്തിയിട്ട്. തിരികെ കാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.

നാട്ടിലിറങ്ങിയ അരിക്കൊമ്പൻ വാഴകൃഷിയും വീടിന്റെ ഷീറ്റും സിഎസ്ഐ പള്ളിയിലെ മരവും നശിപ്പിച്ചിരുന്നു. ആനയിറങ്ങിയ സാഹചര്യത്തിൽ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ വിനോദ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്. തമിഴ്നാട് കോതയാറിൽ നിന്ന് 25 കിലോമീറ്റർ എതിർ ദിശയിൽ സഞ്ചരിച്ച അരിക്കൊമ്പൻ ഇപ്പോൾ മാഞ്ചോല ഊത്ത് 10ാം കാട്ടിലാണുള്ളത്.

കഴിഞ്ഞ ദിവസം നാലുമുക്കിൽ വാഴകൃഷിയും ഊത്തിൽ വീടിന്റെ മേൽകൂരയും ആന നശിപ്പിച്ചു. ഊത്ത് എസ്റ്റേറ്റിലെ സിഎസ്ഐ പള്ളി വളപ്പിലെ മരവും അരിക്കൊമ്പൻ തകർത്തു. ഊത്ത് സ്കൂൾ പരിസരത്തും കാൽപാട് കണ്ടതോടെ സ്കൂളിന് അവധി നൽകി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.. ചെങ്കുത്തായ പ്രദേശം മുന്നിലുള്ളതിനാൽ കേരളത്തിലേക്ക് അരിക്കൊമ്പൻ എത്തില്ലെന്ന വിലയിരുത്തലിലാണ് തമിഴ്നാട് വനംവകുപ്പ്.
Previous Post Next Post