ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയതാണ് ബൈഡന്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യ-അമേരിക്ക സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് ചര്‍ച്ചയില്‍ ഇരുനേതാക്കളും വ്യക്തമാക്കി. ജൂണില്‍ വാഷിങ്ടണിലെ ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നത് പുരോഗമിക്കുന്നുവെന്നും വിലയിരുത്തലുണ്ടായി.
ജിഇഎഫ് 414 ജെറ്റ് എഞ്ചിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തി. യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതും ഇരു നേതാക്കളും സ്വാഗതം ചെയ്തു.
അമേരിക്കയില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങുന്ന കരാറും, ഇരു രാജ്യങ്ങളുടെയും ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണവും ചര്‍ച്ച ചെയ്തു. നയതന്ത്ര കൂടിക്കാഴ്ച സംബന്ധിച്ച് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി.
ചന്ദ്രയാന്‍ ആദിത്യ നേട്ടങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയെ അഭിനന്ദിച്ചു. യു എന്‍ സുരക്ഷ കൗണ്‍സിലിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള അമേരിക്കന്‍ പിന്തുണ ബൈഡന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ജി 20 ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും.