മൂന്നാർ സൈലന്റ് വാലി എസ്റ്റേറ്റിൽ വീണ്ടും പടയപ്പയെത്തി റേഷൻ കട തകർത്തു. ആന എസ്റ്റേറ്റിൽ എത്തിയത് മനസ്സിലാക്കിയ തോട്ടം തൊഴിലാളികൾ അരിക്കട സംരക്ഷിക്കുന്നതിനായി കടയുടെ അടുത്ത് എത്തിയെങ്കിലും പടയപ്പ അതിനുമുമ്പ് തന്നെ കാടുകടന്ന് കടയുടെ പിൻഭാഗത്ത് എത്തുകയായിരുന്നു.
അരി കടയാണെന്ന് മനസ്സിലാക്കിയ പടയപ്പ കടയുടെ മേൽക്കൂര നിമിഷനേരത്തിനുള്ളിലാണ് പൊളിച്ചത്. മേൽക്കൂര പൊളിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. നിരവധി തവണ എസ്റ്റേറ്റ് മേഖലയിൽ എത്തിയ പടയപ്പ തോട്ടം തൊഴിലാളികൾക്കായി വിതരണം നടത്തേണ്ട അരിയും സമീപത്ത് തൊഴിലാളികൾ കൃഷി ചെയ്തിരിക്കുന്ന പച്ചക്കറിയടക്കം അകത്താക്കിയാണ് മടങ്ങുന്നത്.
ഒന്നര മാസത്തിന് ശേഷമായിരുന്നു പടയപ്പയുടെ ഈ വികൃതി. ഒറ്റനോട്ടത്തില്‍ ഉപദ്രവകാരിയല്ലെങ്കിലും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മറയൂരിന് സമീപം ജനവാസ മേഖലയില്‍ ഒന്നര മാസത്തോളം കഴിഞ്ഞ ശേഷമാണ് പടയപ്പയുടെ മുന്നാറിലേക്കുള്ള മടങ്ങിയെത്തുന്നത്.