കൊല്ലം: കടയ്ക്കലില്‍ സൈനികനെ മര്‍ദ്ദിച്ച് നിരോധിത സംഘടനയുടെ പേര് ചാപ്പ കുത്തി എന്ന പരാതി വ്യാജമെന്ന് വ്യക്തമായതോടെ കേരള പോലീസിനെ അഭിനന്ദിച്ച് നടന്‍ മേജര്‍രവി. പൊലീസിന്റെ ജാഗ്രതയോടെയുള്ള ഇടപെടലാണ് പ്രതിയുടെ കള്ളക്കഥ പൊളിച്ചതെന്ന് മേജര്‍ രവി പറഞ്ഞു. രാജ്യത്തും സംസ്ഥാനത്ത് തന്ന ജനം വളരെ വൈകാരികമായി പ്രതികരിച്ചുപോകുന്ന വിഷയമായിരുന്നു.അതിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന പൊലീസിന് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കലാപത്തിന്റെ വിത്തു പാകിയത് ഉടനെ പിഴുതെടുത്ത പൊലീസിന്റെ ജാഗ്രത എടുത്ത് പറയേണ്ടതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
‘ആദ്യം കേട്ടപ്പോള്‍ കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ആശങ്കപ്പെട്ടു. സത്യാവസ്ഥ പുറത്തുവന്നപ്പോഴാണ് ആശ്വാസമായത്. അല്ലായിരുന്നെങ്കില്‍ തീര്‍ത്തും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് ഇത് പോയെനെ. ഒരു പട്ടാളക്കാരനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്‌ഐ എന്ന നിരോധിത സംഘടനയുടെ പേര് എഴുതിവെച്ചാല്‍ എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമായിരുന്നു. വര്‍ഗീയത പടര്‍ന്നേനെ. ഒരു കലാപത്തിന്റെ വിത്താണ് ഈ പട്ടാളക്കാരന്‍ പാകിയത്.. പോപ്പുലര്‍ ഫ്രണ്ട് എന്ന നിരോധിത സംഘടനയുടെ പേരില്‍ ഒരു അതിക്രമത്തിന് മുതിരുമ്പോള്‍ അതിന്റെ വ്യാപ്തി വലുതാണ്. പൊലീസ് സൈന്യത്തെ അറിയിച്ചാല്‍ പ്രതി പിന്നെ സേനയില്‍ ഉണ്ടാവില്ലെന്നും മേജര്‍ രവി പറയുന്നു. കോര്‍ട്ട് മാര്‍ഷലില്‍ 14 വര്‍ഷത്തെ തടവ് ശിക്ഷക്ക് ഇയാള്‍ വിധിക്കപ്പെട്ടേക്കാം, എന്നാല്‍ ഇയാളെ ജീവപര്യന്തം തടവിനാണ് വിധിക്കേണ്ടതെന്നും രവി കൂട്ടിച്ചേര്‍ത്തു.
കടക്കല്‍ സംഭവത്തില്‍ പ്രതി അറസ്റ്റിലായ സാഹചര്യത്തിലാണ് മേജര്‍ രവിയുടെ പ്രതികരണം. സൈനികനായ ഷൈന്‍ കുമാറും സുഹൃത്ത് ജോഷിയും ചേര്‍ന്ന് നടത്തിയ നാടകമാണ് പരാതി എന്നാണ് പോലീസ് വ്യക്തമാക്കിയത്.