പത്തനംതിട്ടയിൽ ഭാര്യയുമായി ബന്ധമെന്ന് സംശയം; അയല്‍വാസിയെ കൊന്ന് ചതുപ്പിൽ താഴ്ത്തി യുവാവ്



പത്തനംതിട്ട: ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അയല്‍വാസിയെ കൊന്ന് ചതുപ്പിൽ താഴ്ത്തി യുവാവ്. തിരുവല്ല കോയിപ്രം പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ പുല്ലാട് ഐരാക്കാവിന് സമീപത്തെ പുഞ്ചയില്‍ ആണ് യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്ലാട് ഐരക്കാവ് പാറക്കൽ പ്രദീപ് കുമാര്‍ (40) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ അയല്‍വാസിയായ മോന്‍സിയെ പോലീസിന് സംശയമുണ്ട്.തിങ്കൾ വൈകുന്നേരം ഇരുവരും തമ്മില്‍ സംഘട്ടനം നടന്നിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. പുഞ്ചയിലെ ചെളിയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോലീസ് എത്തി പുറത്തെടുത്തപ്പോള്‍ വയറ്റില്‍ കുത്തേറ്റ് കുടല്‍മാല പുറത്തുവന്ന നിലയിലായിരുന്നു. തിരുവല്ല ഡിവൈഎസ്പി സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകി.പുല്ലാട് കവലയില്‍ മീന്‍ കച്ചവടം നടത്തുന്നയാളാണ് മോന്‍സി. ഇയാളുടെ ഭാര്യയും പ്രദീപുമായി അടുപ്പമുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേച്ചൊല്ലിയുള്ള വഴക്കിനൊടുവില്‍ മോന്‍സി പ്രദീപിനെ ഓടിച്ചിട്ട് മര്‍ദിക്കുകയും അവസാനം കുത്തി വീഴ്ത്തി പുഞ്ചയില്‍ ചവിട്ടി താഴ്ത്തുകയുമായിരുന്നെന്ന് പറയുന്നു. കോയിപ്രം പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Previous Post Next Post