പത്തനംതിട്ടയിൽ ശബരിമല റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മണ്ണ്‌ പരിശോധനയും ആരംഭിച്ചു.



പത്തനംതിട്ട: ശബരിമല റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മണ്ണ്‌ പരിശോധനയും ആരംഭിച്ചു. ചെങ്ങന്നൂരിൽനിന്ന് പമ്പയിലേക്കുള്ള റയിൽ പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലാണ് സർവേ നടത്തിയശേഷം മണ്ണ് പരിശോധന ആരംഭിച്ചിട്ടുള്ളത്. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി മുതല്‍ പേരിശേരി വരെയുള്ള ഭാഗത്ത് അതിര്‍ത്തി കല്ലുകളും പാടശേഖരങ്ങളില്‍ ഇരുമ്പ് പൈപ്പുകളും സ്ഥാപിച്ചുകഴിഞ്ഞിരുന്നു. ഈ സ്ഥലത്താണ് ചെങ്ങന്നൂര്‍ - പമ്പ റെയില്‍പാതയുടെ അലൈന്‍മെന്‍റിന് സര്‍വ്വേ നടത്തിയ ശേഷം ഇപ്പോള്‍ മണ്ണ് പരിശോധന ആരംഭിച്ചിട്ടുള്ളത്.ചെങ്ങന്നൂർ സെന്‍ട്രല്‍ ഹാച്ചറി - തോട്ടിയാട് റോഡില്‍ തോട്ടിയാട് ജംഗ്ഷനിലും ഗവ. ഐടിഐ - പിരളശേരി റോഡില്‍ ഈപ്പച്ചന്‍പടിക്ക് സമീപവും പുത്തന്‍കാവ് എകെജി പടിയിലുമാണ് ഇപ്പോള്‍ മണ്ണ് പരിശോധന നടക്കുന്നത്. എന്നാൽ, ആദ്യ പദ്ധതി ഇത് വഴി ആയിരുന്നില്ല. പമ്പാ നദിയുടെ തീരത്ത് കൂടി ശബരിമലയിലേക്ക് റെയില്‍ പാത കടന്നുപോകുമെന്നാണ് തുടക്കത്തിലെ പറഞ്ഞതെങ്കില്‍ ഇപ്പോള്‍ റെയില്‍പാത വഴി മാറി പുതിയ വഴിയിലൂടെ പോകുന്നതായാണ് സര്‍വ്വേകള്‍ കാണിക്കുന്നത്.


പമ്പാനദിയുടെ വടക്കേ കരയിലൂടെ 72 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആകാശപാത ആയിരുന്നു ആദ്യം വിഭാവനം ചെയ്തത്. എന്നാൽ, സർവേ നടന്നപ്പോൾ റെയില്‍വേ സ്‌റ്റേഷന് തെക്ക് മാറി നെല്‍വയലിലൂടെ കല്ലുവരമ്പ്, ഓര്‍ക്കോട്ട്, ചെറുകോട്ട പാടശേഖരം, തോട്ടിയാട് ജംഗ്ഷന്‍ വഴി പാത എംസി റോഡില്‍ ഹാച്ചറി ജംഗ്ഷന് സമീപം എത്തും.ഇവിടെനിന്ന് സർക്കാർ ഐടിഐയ്ക്ക് കിഴക്ക് കൂടി പിരളശ്ശേരി, നീര്‍വിളാകം, ആറന്‍മുള, കോഴഞ്ചേരി പഞ്ചായത്ത് ഗ്രൗണ്ട്, കീക്കൊഴൂര്‍, വടശ്ശേരിക്കര, ചിറ്റാര്‍, ആങ്ങമൂഴി, നിലയ്ക്കല്‍ പള്ളിയുടെ സമീപത്തുകൂടി പമ്പയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് അലൈന്‍മെന്‍റ് സര്‍വ്വേക്കുള്ള കണ്‍ട്രോളിംഗ് പോയിന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇവിടേക്കും തുടർ സർവേയും മണ്ണ് പരിശോധനാ പ്രവർത്തനങ്ങളും നടക്കും. ആറന്മുള, കോഴഞ്ചേരി, അയിരൂർ, വടശേരിക്കര വഴി പമ്പയിലേക്ക് ആകാശ പദ്ധതിയായാണ് ആദ്യ ഘട്ടത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ നടക്കുന്ന പരിശോധന പ്രകാരം പമ്പാ തീരത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലത്തിലാണ് ലൈൻ കടന്നു പോകുന്നത്. ഇതിനോട് എതിർപ്പുമായി നാട്ടുകാർ രംഗത്തുണ്ട്. ആറന്മുളയിൽ പലയിടത്തും വീടിന്‍റെ ചുവരിൽ വരെ നമ്പർ ഇട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. റോഡിലും അടയാളങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചെങ്ങന്നൂർ നഗരസഭയിൽ ആരംഭിച്ച് ആറന്മുള, കോഴഞ്ചേരി, ചെറുകോൽ, വടശേരിക്കര, പെരുനാട് തുടങ്ങിയ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പാതക്ക് 72 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. പമ്പാ നദിയുടെ സമീപത്തുകൂടിയാണ് റെയില്‍പാത കടന്നുപോകുന്നതെന്ന് അറിയിച്ചശേഷം സ്റ്റേഷനില്‍നിന്നും പമ്പാനദിയില്‍ നിന്നും മൂന്ന് കിലോമീറ്ററോളം അകലത്തിലുളള പ്രദേശത്തുകൂടി റെയില്‍പാതയ്ക്ക് സര്‍വ്വേ നടത്തുന്നത് ആരെയും അറിയിച്ചിട്ടില്ല. ആറന്മുളയില്‍നിന്ന് വയലത്തല വഴി വടശ്ശേരിക്കര എത്തിയശേഷം റെയില്‍പാത പമ്പ നദികരയിലൂടെ പോകുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ നിന്നുള്ള ഏജന്‍സിയാണ് സര്‍വ്വേ നടത്തിയത്. പമ്പാ നദിയ്ക്ക് വളവും തിരിവും ഉള്ളതിനാല്‍ നദിക്കരയിലൂടെ തന്നെയുള്ള പാത പ്രായോഗികമല്ല. ജനവാസം കുറവുള്ള പ്രദേശങ്ങളിലൂടെ തൂണുകള്‍ സ്ഥാപിച്ച് അതിന് മുകളിലൂടെ പാത കടന്നുപോകുന്നതിനാല്‍ ജനങ്ങളെ പരമാവധി ഒഴിപ്പിക്കാതെയാണ് പാത നിര്‍മ്മിക്കുന്നതെന്നും പറയുന്നുണ്ട്. ശബരിപാതയുടെ നിർമ്മാണത്തിനുള്ള ഒരുക്കങ്ങളിലാണ് റെയിൽവേ വകുപ്പ്.
Previous Post Next Post