പത്തനംതിട്ട: മഞ്ഞ കുറ്റി പിഴുത് മാറ്റി വച്ച വാഴ കുലച്ചു് വെട്ടാൻ പാകത്തിലെത്തി. കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി കുന്നന്താനത്ത് നട്ട ഈ സമര വാഴയുടെ വിളവെടുപ്പ് 18 ന് വൈകുന്നേരം 4 ന് നടക്കും. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ സമരസമിതിയുടെ ആഹ്വാനപ്രകാരമാണ് വാഴ നട്ടത്. മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി വിളവെടുപ്പ് നിർവഹിക്കും. സമരസമിതി ജില്ലാ ചെയർമാൻ അരുൺ ബാബു, കൺവീനർ മുരുകേഷ് നടക്കൽ എന്നിവരുടെ നേതൃത്വത്തിൽ വാഴക്കുല അപ്പോൾത്തന്നെ ലേലം ചെയ്യും.ചെങ്ങന്നൂരിൽ അടുപ്പ് കല്ലിളക്കി കെ റെയിലിന്റെ മഞ്ഞക്കുറ്റി സ്ഥാപിച്ച തങ്കമ്മയുടെ ഭവന നിർമ്മാണ ഫണ്ടിലേക്ക് ലേലത്തുക സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ കൈമാറും. കെ റെയിൽ വേണ്ട കേരളം വേണം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി 2022 മെയ് 31 മുതൽ ജൂൺ 6 വരെ പരിസ്ഥിതി സംരക്ഷണ വാരാചരണം നടത്തിയിരുന്നു.