ചെന്നൈ: തഞ്ചാവൂർ പാപനാശത്ത് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. പി കോകില എന്ന 33കാരിയാണ് മരിച്ചത്. ചാർജ് ചെയ്യുകയായിരുന്ന ഫോണിൽ സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. കപിസ്ഥലയിൽ മൊബൈൽ ഫോൺ റിപ്പയർ കട നടത്തി വരികയായിരുന്നു ഇവർ.
ഇന്നലെയാണ് അപടകം നടന്നത്. ചാർജ് ചെയ്യുകയായിരുന്ന ഫോണിൽ ഇവർ സംസാരിക്കവെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ കടയിൽ തീ പിടിക്കുകയും കോകിലയ്ക്ക് പൊള്ളലേൽക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കടയിലെ തീ അണച്ചത്. കോകിലയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗരുതരമായി പൊള്ളലേറ്റ് യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് മൃതദേഹം സ്ഥലത്തുനിന്ന് മാറ്റിയത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഭർത്താവ് പ്രഭാകരൻ നേരത്തെ മരിച്ചിരുന്നു. ഇതിനുശേഷമാണ് കോകില മൊബൈൽ ഫോൺ റിപ്പയർ ഷോപ്പ് നോക്കി നടത്താൻ തുടങ്ങിയത്.