എന്റെ പേര് ഇഡിയിൽ നിന്നു കിട്ടിയോ? അനിൽ അക്കര പറയുന്നത് നട്ടാൽ കുരുക്കാത്ത നുണ'- മറുപടിയുമായി പികെ ബിജു





 

കോഴിക്കോട്: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കോൺഗ്രസ് നേതാവ് അനിൽ അക്കര ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുൻ എംപി പികെ ബിജു.

 ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നു അദ്ദേഹം പ്രതികരിച്ചു. അനിൽ അക്കരയുടെ ആരോപണങ്ങൾക്കെതിരെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പികെ ബിജു.

അനിൽ അക്കര ഉന്നയിച്ച ആരോപണങ്ങൾ നട്ടാൽ കുരുക്കാത്ത നുണകളാണെന്നു പികെ ബിജു വ്യക്തമാക്കി. അനിൽ അക്കര വ്യക്തിഹത്യ നടത്തുകയാണ്. അരോപണങ്ങളെ രാഷ്ട്രീയമായി നേരിടും. നിയമപരമായ നടപടികളും അദ്ദേഹത്തിനെതിരെ സ്വീകരിക്കുമെന്നു പികെ ബിജു പ്രതികരിച്ചു. 

ഇഡി ഇതുവരെ വളിച്ചിട്ടില്ല. വിളിച്ചാൽ പോകും. കേസുമായി ബന്ധപ്പെട്ട ഒരു അന്വേഷണ കമ്മീഷനിലും താൻ അംഗമല്ല. കേസുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണം നടത്തിയോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേസിലെ പ്രതികളുമായി തനിക്കൊരു ബന്ധവുമില്ല. പ്രതിയുമായി ഫോൺ ചെയ്തുവെന്ന ആരോപണം പച്ചക്കള്ളമാണ്. ഇതിന്റെയൊക്കെ തെളിവുകൾ പുറത്തു വിടാൻ അനിൽ അക്കര തയ്യാറാകണമെന്നു പികെ ബിജു ആവശ്യപ്പെട്ടു. കള്ളപ്പണക്കാരായ മെന്റർമാരില്ല. തന്റെ മെന്റർ പാർട്ടിയാണ്. 

ഇഡിയിൽ നിന്നു തന്റെ പേര് അനിൽ അക്കരയ്ക്ക് കിട്ടിയോ എന്നു ബിജു ചോദ്യം ഉന്നയിച്ചു. ഇഡി പറയുന്ന എംപി ആരാണെന്നു തനിക്കറിയില്ല. സ്വന്തമായി ഒരു വീടോ സ്ഥലമോ ഉള്ള ആളല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി.
Previous Post Next Post