അഞ്ച് തൊഴിലാളികളുടെ ദയാഹരജി പരിഗണിക്കണം; തെലങ്കാന മന്ത്രി ദുബായിലെത്തി ചര്‍ച്ച നടത്തി



ദുബായ്: കൊലപാതക കേസില്‍ ദുബായിലെ ജയിലില്‍ കഴിയുന്ന തെലങ്കാന സ്വദേശികളായ അഞ്ച് തൊഴിലാളികളുടെ ദയാഹരജി അനുഭാവപൂര്‍വം പരിഗണിച്ച് വിട്ടയക്കണമെന്ന് തെലങ്കാന ഐടി, മുനിസിപ്പല്‍ വികസന മന്ത്രി കെടി രാമറാവു യുഎഇ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കൊല്ലപ്പെട്ട നേപ്പാളി പൗരന്റെ കുടുംബം ശരീഅത്ത് നിയമപ്രകാരം ദിയാധനം (ബ്ലഡ് മണി) സ്വീകരിച്ച് മാപ്പുനല്‍കിയെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് യുഎഇ അധികൃതര്‍ പ്രതികളെ വിട്ടയച്ചിരുന്നില്ല.



ബിസിനസ് സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ മന്ത്രി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഇന്നലെ യുഎഇ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ദുബായ് കോടതി അപ്പീല്‍ തള്ളിയതിനാല്‍ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ അനുമതി ലഭ്യമാക്കി പ്രതികളെ വിട്ടയക്കണമെന്നാണ് കെടി രാമറാവു ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചത്.ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, കേസ് കൈകാര്യം ചെയ്യുന്ന യുഎഇ അഭിഭാഷകന്‍, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കേസിന്റെ നിജസ്ഥിതി ആരായുകയും ദയാഹരജി അംഗീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി കെടിആര്‍ എന്നറിയപ്പെടുന്ന കെടി രാമറാവു ഹൈദരാബാദില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

അഞ്ച് പ്രതികളും ഇതിനകം 15 വര്‍ഷം തടവ് അനുഭവിച്ചിട്ടുണ്ടെന്നും ജയില്‍ അധികൃതരില്‍ നിന്ന് നല്ല പെരുമാറ്റ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നും ഇത് കണക്കിലെടുത്ത് ദയാഹരജി അംഗീകരിക്കണമെന്ന് അദ്ദേഹം യുഎഇ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.തെലങ്കാനയിലെ രാജണ്ണ സിര്‍സില്ല ജില്ലയില്‍ നിന്നുള്ള ശിവരാത്രി മല്ലേഷ്, ശിവരാത്രി രവി, ഗൊല്ലേം നമ്പള്ളി, ദുണ്ടുഗുല ലക്ഷ്മണ്‍, ശിവരാത്രി ഹന്‍മന്തു എന്നിവരാണ് നേപ്പാളിയുടെ മരണവുമായി ബന്ധപ്പെട്ട് ദുബായിലെ അവീര്‍ ജയിലില്‍ കഴിയുന്നത്. ഇതിനകം 15 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കി. ശരീഅത്ത് നിയമപ്രകാരം 15 ലക്ഷം രൂപ നഷ്ടപരിഹാരം അഥവാ ദിയാധനം (രക്തപ്പണം) നല്‍കുന്നതിനായി കെടിആര്‍ നേരത്തെ നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു. ഇരയുടെ കുടുംബം പ്രതികള്‍ക്ക് മാപ്പുനല്‍കുകയാണെന്ന് അറിയിച്ച് യുഎഇ സര്‍ക്കാരിന് ദയാഹര്‍ജി രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഇരയുടെ കുടുംബം മാപ്പ് നല്‍കിയാലും ചില കേസുകളില്‍ ഇത് മോചനത്തിന് പര്യാപ്തമാവില്ല. രാഷ്ട്രത്തിനെതിരായ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്ന കേസുകളിലും ഇതാണ് നിയമം. പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ തീവ്രത കാരണമാണ് യുഎഇ സര്‍ക്കാര്‍ ദയാഹര്‍ജി അംഗീകരിക്കാതിരുന്നത്. ആറുമാസം മുമ്പ് മന്ത്രി കേസിന്റെ പുരോഗതി ആരായുകയും അഞ്ച് തൊഴിലാളികളെയും മോചിപ്പിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
ദുബായ് കോടതി അപ്പീല്‍ തള്ളിയതിനാല്‍ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ അനുമതി ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഏതാനും വ്യവസായികളെ മന്ത്രി നേരത്തെ കാണുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പ്രാദേശിക നിയമങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ടു തന്നെ ദുബായ് സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉന്നയിക്കുമെന്ന് വ്യവസായികള്‍ ഉറപ്പുനല്‍കി.

കേസ് പരിഹരിക്കാന്‍ പ്രത്യേക ശ്രമങ്ങള്‍ നടത്തണമെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രാം കുമാറിനോട് കെടിആര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വ്യക്തിപരമായും തെലങ്കാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
Previous Post Next Post