യു.കെ. പ്രധാനമന്ത്രിയായി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഋഷി സുനകിന്റെ ജനപ്രീതി കുറയുന്നുവെന്ന് റിപ്പോര്‍ട്ട്; ബോറിസിനെ തിരിച്ചുകൊണ്ടു വരണമെന്ന് ഭരണകക്ഷി നേതാവ്‌



യു.കെ.:  ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേകളില്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ ജനപ്രീതി കുറയുന്നതായി കണ്ടതോടെ അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ടോറി നേതാവ് രംഗത്തെത്തി. 2022 ഒക്‌ടോബറില്‍ ഋഷി സുനക് പ്രധാനമന്ത്രിയാകുമ്പോള്‍, ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മറെക്കാള്‍ ജനപ്രീതിയില്‍ അല്പം മുന്‍പിലായിരുന്നു ഋഷി. അന്ന് മൈനസ് 19 പോയിന്റായിരുന്നു ഋഷിക്ക് ലഭിച്ചത്.


പ്രധാനമന്ത്രി പദത്തിലേറി പതിനൊന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍, ഋഷിയുടെ ജനപ്രീതി മൈനസ് 41 ലേക്ക് താഴ്ന്നിരിക്കുകയാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ ഋഷിക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ സ്‌കോര്‍ ആണിത്. എന്നിരുന്നാലും, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മൊത്തം ഉള്ളതിലും ജനപ്രീതി ഋഷി സുനകിന് ഉണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. മൈനസ് 48 പോയിന്റാണ് പാര്‍ട്ടിയുടെ ജനപ്രീതി.


എന്നിരുന്നാലും, പാര്‍ട്ടി ഇപ്പോള്‍ ഋഷിയെ ബലിയാടാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നത് പോലുള്ള പ്രസ്താവനകളാണ് പല നേതാക്കളും നടത്തുന്നത്. ബോറിസ് ജോണ്‍സണ്‍ അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന ജനപ്രീതിയേക്കാള്‍ കുറവാണ് ഇപ്പോള്‍ ഋഷിക്കുള്ളതെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ അഭിപ്രായ സര്‍വേ നടത്തിയ യു ഗവ്, ജോണ്‍സണ്‍ അധികാരമൊഴിഞ്ഞപ്പോള്‍ നടത്തിയ സര്‍വേയില്‍ ബോറിസ് ജോണ്‍സന് ലഭിച്ചത് മൈനസ് 40 പോയിന്റ് ആണ്.


വോട്ടര്‍മാരെയും കണ്‍സര്‍വേറ്റീവ് അംഗങ്ങളെയും അവഗണിച്ചാല്‍ ഇതായിരിക്കും സംഭവിക്കുക എന്നാണ് ബോറിസ് ജോണ്‍സന്റെ ഉറ്റ അനുയായി ആയ ലോര്‍ഡ് ക്രഡസ് ഇപ്പോള്‍ ഋഷി സുനകിന് നല്‍കുന്ന മുന്നറിയിപ്പ്. തെരഞ്ഞെടുപ്പിന് മുന്‍പോട്ട് വെച്ച പ്രകടന പത്രികയെ അവഗണിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. തികച്ചും ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് ബോറിസ് ജോണ്‍സനെ അധികാരത്തില്‍ നിന്നും മാറ്റിയതെന്നും മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ ഇതിനെ അട്ടിമറി എന്ന് വിളിക്കുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.


ഋഷി സുനക് ആയിരുന്നു അത്തരമൊരു പ്രവൃത്തിക്ക് നേതൃത്വം നല്‍കിയതെന്ന് ആരോപിച്ച ലോര്‍ഡ് ക്രഡസ് ഋഷിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റി ബോറിസ് ജോണ്‍സനെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. വരുന്ന തെരഞ്ഞെടുപ്പിന് മുന്‍പായി ബോറിസ് ജോണ്‍സനെ നേതൃസ്ഥാനത്ത് എത്തിക്കണം എന്നാണ് ക്രഡസ് ആവശ്യപ്പെടുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഉറക്കമുണരണമെന്നും, അധികാരം ജനങ്ങള്‍ തെരഞ്ഞെടുത്ത നേതാവിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ ഒരു തലമുറക്കാലം മുഴുവന്‍ പാര്‍ട്ടി അധികാരത്തില്‍ നിന്നും വിട്ട് നില്‍ക്കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Previous Post Next Post