കൈക്കൂലി ചോദിച്ച സംഭവം; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍



അടിമാലി: യുവാക്കളുടെ വാഹനത്തില്‍ നിന്ന് കഞ്ചാവ് ബീഡി കണ്ടെത്തിയെന്ന കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി ചോദിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

 ഹൈവേ പോലീസ് ഉദ്യോഗസ്ഥരായ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ ഷിബി ടി. ജോസഫ്, സിപിഒ സുധീഷ് മോഹന്‍, ഡ്രൈവര്‍ സോബിന്‍ ടി. സോജന്‍ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്‌പെന്‍ഡ് ചെയ്തത്.

 സംഭവത്തില്‍ വകുപ്പുതല നടപടിയ്ക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെവന്ന വിനോദ സഞ്ചാരികളുടെ കൈവശത്തില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിന് ശ്രമിച്ചതായി കണ്ടെത്തിയാണ് നടപടി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. 

36,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടന്ന് വരികയാണ്. 
സംഭവമറിഞ്ഞ് ജില്ലാ പോലീസ് മേധാവി അടിമാലിയിലെ പോലീസ് ഉദ്യോഗസ്ഥനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 

പണം നല്‍കാത്തതിനാല്‍ യുവാക്കള്‍ക്കെതിരെ ഹൈവേ പോലീസ് അഞ്ച് കേസാണ് ചുമത്തിയത്. പണം ഇല്ലാത്തതിനാല്‍ മൂന്നുപേരെ ഏറെ നേരം പിടിച്ച് നിര്‍ത്തുകയും ചെയ്തു. മറ്റുള്ളവരെ ടാബ് വിറ്റ് പണം വാങ്ങിവരുവാന്‍ അടിമാലിക്ക് തിരികെ അയച്ചു. 

ഇവര്‍ അടിമാലിക്ക് പോകും വഴി മറ്റൊരു പരിശോധന സംഘത്തിന്റെ മുന്നില്‍പ്പെട്ടു. സംഭവം ഇവരോട് പറഞ്ഞു. ഇവര്‍ നിര്‍ദേശിച്ചത നുസരിച്ച് യുവാക്കള്‍ ടാബ് വില്‍ക്കാതെ തിരികെ ഹൈവേ പോലീസിന്റെ അടുത്തെത്തി. പണം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ ഹൈവേ പോലീസ്, യുവാക്കളുടെ പേരില്‍ അഞ്ചുകേസ് എടുത്ത് ഇവരെ പറഞ്ഞുവിട്ടു.

 ഫോണില്‍ സന്ദേശം വന്നപ്പോഴാണ് വലിയ പിഴ ചുമത്തിയതായി യുവാക്കള്‍ അറിയു ന്നത്. പിന്നാലെ വിഷയം വാര്‍ത്തയായ തോടെ അതിവേഗം നടപടി വരികയായിരുന്നു.
Previous Post Next Post