കണ്ണൂർ ജില്ലയിലുള്ളവരുടെ ശ്രദ്ധയ്ക്ക്; പെട്രോൾ ഇന്ന് വൈകിട്ട് തന്നെ അടിക്കണം



കണ്ണൂർ: ഇതരസംസ്ഥാനങ്ങളിൽനിന്ന് അനിയന്ത്രിതമായ ഇന്ധനക്കടത്ത് തടയുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ശനിയാഴ്ച പമ്പുകൾ അടച്ചിടുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലുള്ളവർ ഇന്നു രാത്രിയോടെ വാഹനത്തിൽ ഇന്ധനം അടിക്കണം. നാളെ പുലർച്ചെ ആറിന് തുടങ്ങി 24 മണിക്കൂറാണ് സമരം. ജില്ലയിലെ 200ലധികം പമ്പുകൾ സമരത്തിന്റെ ഭാഗമായി അടച്ചിടും.



രാവിലെ 10ന് കളക്ടറേറ്റിൽ മുന്നിൽ പ്രതിഷേധ ധർണ നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. പോസ്റ്റോഫീസിന് മുന്നിൽനിന്ന് പ്രകടനമായാണ് കളക്ടറേറ്റിന് മുന്നിൽ എത്തുക. കർണാടക - മയ്യഴി എന്നിവിടങ്ങളിൽനിന്ന് ജില്ലയിലേയ്ക്ക് വൻ തോതിൽ ഇന്ധനം കടത്തുകയാണ്. ഇത് സർക്കാരിന് നികുതി നഷ്ടവും പമ്പുടമകൾക്ക് വിൽപനയിൽ വൻ ഇടിവുമാണ് ഉണ്ടാക്കുന്നത്.ജില്ലയിലെ ക്വാറികളിലേക്ക് മയ്യഴിയിൽ നിന്നും മറ്റും ടാങ്കറുകളിലും കന്നാസുകളിലുമായി ലക്ഷക്കണക്കിന് ലിറ്റർ ഇന്ധനമാണ് എത്തിക്കുന്നത്. ഈ വിവരം അധികാരികളെ അറിയിച്ചിട്ടും നടപടിയില്ലെന്ന് ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ടിവി ജയദേവൻ, എം അനിൽ, സി ഹരിദാസ്, ഇഎം ശശീന്ദ്രൻ, കെവി രാമചന്ദ്രൻ എന്നിവർ അറിയിച്ചു. ഇക്കഴിഞ്ഞ 22-ാം തീയതിയാണ് പമ്പുകൾ അടച്ചിടുന്നതായി സംഘടന പ്രഖ്യാപിച്ചത്.ജില്ലയിലെ പമ്പുകളിൽ ഇന്നു രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട ക്യൂ രൂപപ്പെട്ടു തുടങ്ങിയിരുന്നു. വൈകിട്ടോടെ ഇത് രൂക്ഷമാകുമെന്നാണ് പമ്പ് ജീവനക്കാർ പറയുന്നത്. കോടിക്കണക്കിന് രൂപ വിൽപന നികുതിയിൽ നഷ്ടം വരുത്തിയും ജില്ലയിലെ പെട്രോൾ പമ്പുകളിൽ കനത്ത രീതിയിലുള്ള വ്യാപാരനഷ്ടം വരുത്തിയുമാണ് ഇന്ധനക്കടത്ത് നിർബാധം തുടരുന്നതെന്നും ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുവന്നതെന്നും ഉടമകൾ പറയുന്നു.മാഹിയിൽ പെട്രോൾ ലിറ്ററിന് 15 രൂപയും ഡീസലിന് 13 രൂപയും കർണാടകത്തിൽ ഡീസലിന് എട്ടുരൂപയും പെട്രോളിന് അഞ്ചുരൂപയും വിലക്കുറവ് അനുഭവപ്പെടുന്നുണ്ട്. ടാങ്കർ ലോറികളിലും ബാരലുകളിലും കാനുകളിലുമായാണ് ജില്ലയിലേക്ക് ഇന്ധനം ഒഴുകിയെത്തുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പൊതു വാഹനങ്ങളിലും മറ്റുമായി നടത്തുന്ന ഇന്ധനക്കടത്ത് പലതവണകളിലായി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. 2017ന് ശേഷം ഡീലർ കമ്മീഷനിൽ യാതൊരു വർധനവും അനുവദിച്ച് കിട്ടാതിരിക്കുകയും മുതൽമുടക്ക് ഏറെ വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ഏറെ കഷ്ട നഷ്ടങ്ങൾ സഹിച്ചു കൊണ്ടാണ് നിലവിൽ ജില്ലയിൽ പമ്പുകൾ പ്രവർത്തിക്കുന്നതെന്ന് ഉടമകൾ ചൂണ്ടിക്കാട്ടി.

Previous Post Next Post