ഐഎസ് ബന്ധമെന്ന് എൻഐഎ; പാലക്കാട് സ്വദേശിയെ വീട്ടിൽനിന്ന് പിടികൂടി



പാലക്കാട്: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് മണ്ണാർക്കാട് സ്വദേശിയെ എൻഐഎ കസ്റ്റഡിയിലെടുത്തു. മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയെയാണ് വീട്ടിൽനിന്ന് എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്. ഐഎസുമായി തീവ്രബന്ധം പുലർത്തുന്ന തൃശൂർ സ്വദേശി നബീൽ അഹമ്മദിന്റെ സംഘത്തിൽ ഉൾപ്പെട്ടയാളാണ് സഹീറെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. തീവ്രവാദ ബന്ധം സാധൂകരിക്കുന്ന സൈബർ തെളിവുകളും ഇയാളുടെ പക്കൽനിന്ന് എൻഐഎ സംഘം കണ്ടെത്തിയിട്ടുണ്ട്. പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രധാന ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും സംഘം പദ്ധതിയിട്ടിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു. ഒരു ക്രിസ്ത്യൻ മതപണ്ഡിതനെ കൊലപ്പെടുത്താൻ സംഘം ആസൂത്രണം നടത്തിയതിന്റെ ഡിജിറ്റൽ രേഖകളും കണ്ടെത്തിയതായി എൻഐഎ വ്യക്തമാക്കുന്നു.ചെന്നൈയിൽനിന്ന് പിടിയിലായ നബീൽ അഹമ്മദ് ഐഎസിൻ്റെ തൃശൂർ മൊഡ്യൂൾ നേതാവാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ രണ്ടാഴ്ച മുൻപാണ് നബീലിനെ എൻഐഎയുടെ പ്രത്യേക സംഘം പിടികൂടിയത്. ഇയാൾ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. നബീൽ അഹമ്മദിൻ്റെ നേതൃത്വത്തിൽ തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഐഎസ് മൊഡ്യൂൾ കേരളത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എൻഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു.അതേസമയം നബീലിനെ ചോദ്യംചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. താലിബാൻ മാതൃകയിൽ കേരളത്തിലും ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നതെന്നാണ് റിപ്പോർട്ട്. പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രധാന ക്ഷേത്രങ്ങൾ കൊള്ളയടിക്കാനായും യുവാക്കളെ ആകർഷിക്കാനായും 'പെറ്റ് ലൗവേർസ്' എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പും തുടങ്ങിയിരുന്നുവെന്നും എൻഐഎയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുണ്ട്.

Previous Post Next Post