കരുവന്നൂര്‍ നിക്ഷേപകരുടെ പണം തിരികെ കിട്ടുമോ?: സഹകരണ പുനരുദ്ധാരണ നിധിയില്‍നിന്ന് ഫണ്ട് സ്വരൂപിക്കുമെന്ന് വിഎൻ വാസവൻ



കരുവന്നൂർ ബാങ്കിലെ പ്രതിസന്ധി മറികടക്കാൻ സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്ന് പാക്കേജ് രൂപീകരിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. ബാങ്കുകൾക്ക് പ്രതിസന്ധിയുണ്ടാകുമ്പോൾ ഇടപെടാനായാണ് ഈ നിധി രൂപീകരിച്ചത്. ഷെഡ്യൂൾഡ് ബാങ്കുകൾക്ക് പ്രതിസന്ധി ഉണ്ടാകുമ്പോൾ ബാങ്കുകൾക്കായി റിസർവ് ബാങ്ക് പുനരുദ്ധാരണ പാക്കേജ് തയാറാക്കാറുണ്ട്. സമാനമായ രീതിയില്‍ രൂപീകരിച്ചതാണ് സഹകരണ പുനരുദ്ധാരണ നിധി.50 കോടി രൂപയുണ്ടെങ്കിൽ കരുവന്നൂരിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കേരള ബാങ്ക് വൈസ് പ്രസിഡണ്ട് എംകെ കണ്ണൻ പറഞ്ഞിരുന്നത്. ഇതിൽ 20 കോടി രൂപ സമാഹരിക്കാനായെന്ന് കഴിഞ്ഞദിവസങ്ങളിൽ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. സഹകരണ പുനരുദ്ധാരണ പാക്കേജിൽ നിന്ന് വായ്പ കിട്ടാനായി നേരത്തേ തന്നെ കരുവന്നൂർ ബാങ്ക് അപേക്ഷിച്ചിരുന്നതുമാണ്.


സഹകരണ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും വരാനിരിക്കുന്ന നിയമഭേദഗതിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിയമഭേദഗതി നടപ്പിലാകുന്നതോടെ സഹകരണ മേഖല സുരക്ഷിതവും സുതാര്യവുമായിത്തീരും.

ഇഡി പിടിച്ചെടുത്ത ആധാരങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ടത് സർക്കാരല്ലെന്ന് മന്ത്രി വാസവൻ പറഞ്ഞു. ബാങ്കാണ് ഇതിനുള്ള നടപടിയെടുക്കേണ്ടത്. ഇതിനായി ബാങ്ക് തന്നെ നിയമനടപടികളിലേക്ക് കടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്താണ് സഹകരണ പുനരുദ്ധാരണ നിധി?

സർക്കാരും സഹകരണ വകുപ്പും ചേർന്ന് വിഹിതമിട്ടാണ് ഈ നിധി രൂപീകരിച്ചത്. 1200 കോടി രൂപയാണ് ഫണ്ടിൽ വകയിരുത്തപ്പെട്ടിട്ടുണ്ടെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് നിധി രൂപീകരിച്ചത്. സഹകരണ സംഘങ്ങളുടെ ലാഭവിഹിതത്തിൽ നിന്ന് തുക മാറ്റിവെച്ച് സൃഷ്ടിക്കുന്ന റിസർവ്വ് ഫണ്ടിൽ നിന്ന് വായ്പയായി സ്വീകരിക്കുന്ന തുകയാണ് നിധിയിലെ ഒരു ഭാഗം. സർക്കാർ നൽകുന്ന ധനസഹായവും മറ്റ് ഏജൻസികളിൽ നിന്ന് ലഭിക്കുന്ന തുകയും കൂടെ ചേർക്കും. അഗ്രികൾച്ചർ ക്രെഡിറ്റ് സ്റ്റെബിലൈസേഷൻ ഫണ്ടിൽ നിന്നും വായ്പയായി തുക ഈ നിധിയിലേക്ക് ചേർക്കും.
രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരമൊരു നിധി രൂപീകരിക്കപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്. പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങളെ പാക്കേജ് നൽകി പ്രവർത്തനത്തിലേക്ക് തിരിച്ചു കൊണ്ടുവരികയെന്നതാണ് ലക്ഷ്യം. പ്രതിസന്ധി രൂപപ്പെടുന്ന സഹകരണ ബാങ്കുകൾ പൂട്ടിപ്പോകുന്നതാണ് പതിവ്. ഇത് നിക്ഷേപകർക്കും വലിയ നഷ്ടമുണ്ടാക്കുമായിരുന്നു. നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാൻ നിധി സഹായിക്കും. ഇങ്ങനെ ലഭിക്കുന്ന സഹായധനം ബാങ്ക് തിരിച്ചടയ്ക്കേണ്ടതുമുണ്ട്.
Previous Post Next Post