സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖാര്‍ഗെക്കുമെതിരെ യുപിയില്‍ കേസ്




ന്യൂഡല്‍ഹി : സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനും കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെക്കുമെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ രാംപൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. 

അഭിഭാഷകരായ ഹര്‍ഷ് ഗുപ്ത, രാം സിങ് ലോധി എന്നിവരുടെ പരാതിയിലാണ് നടപടി. സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തിലാണ് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ കേസെടുക്കാന്‍ കാരണമായത്.

ഉദയനിധിയുടെ പരാമര്‍ശത്തെ പിന്തുണച്ചതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും കര്‍ണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെക്കെതിരെ പരാതിക്ക് കാരണം.

സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ ജഡ്ജിമാര്‍ അടക്കം 260 ലേറെ പ്രമുഖ വ്യക്തികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തു നല്‍കിയിരുന്നു.

Previous Post Next Post