‘കാലാവധിയുടെ അവസാന ദിനം വരെ മോദി ഇന്ത്യയെ സേവിക്കും, പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്തില്ല’; കേന്ദ്രമന്ത്രി



ഡൽഹി : 2024 ലെ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ. തെരഞ്ഞെടുപ്പ് നേരത്തെ നടത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഭരണത്തിന്റെ അവസാന ദിവസം വരെ ഇന്ത്യയിലെ പൗരന്മാരെ സേവിക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്നത് മാധ്യമ സൃഷ്ടിയാണ്. തന്റെ ഭരണത്തിന്റെ അവസാന ദിവസം വരെ രാജ്യത്തെയും രാജ്യത്തെ ജനങ്ങളെയും സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാനോ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താനോ പദ്ധതിയില്ലെന്നും അനുരാഗ് താക്കൂർ.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന് വേണ്ടി രൂപീകരിച്ച കമ്മിറ്റിയിൽ അധീർ രഞ്ജൻ ചൗധരിയും അംഗമാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. സമിതിയിൽ പ്രതിപക്ഷത്തെ ഉൾപ്പെടുത്തിയത് മോദി സർക്കാരിന്റെ ഹൃദയവിശാലതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്തംബർ 18 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനായി സർക്കാരിന് വലിയ പദ്ധതികളുണ്ടെന്ന് സൂചന നൽകിയെങ്കിലും സമ്മേളനത്തിന്റെ അജണ്ട അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

Previous Post Next Post