കോഴിക്കോട് നിപ പ്രതിരോധം; വിദ്യാലയങ്ങള്‍ക്ക് അനിശ്ചിതകാല അവധിയെന്ന ഉത്തരവ് തിരുത്തി



കോഴിക്കോട്: നിപ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധിയെന്ന ഉത്തരവ് തിരുത്തി അധികൃതര്‍. ജില്ലയിലെ അവധി ഈ മാസം 18 മുതല്‍ 23 വരെയാക്കി ചുരുക്കി. കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ മായി മാത്രം നടത്തും. മുന്‍ ഉത്തരവ് ജനങ്ങളില്‍ ഭീതിപടര്‍ത്തിയതിനാലാണ് അവധി ചുരുക്കിയത്. ഇതോടെ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.നിപ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. കോഴിക്കോട് കോര്‍പറേഷനിലെ ഏഴു വാര്‍ഡുകളും ഫറോക് നഗരസഭയും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.

നിപ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. പതിനൊന്ന് സാമ്പിളുകള്‍ കൂടി നെഗറ്റീവായി. രോഗികളുടെ നില തൃപ്തികരമാണ്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ നിലയില്‍ പുരോഗതിയുണ്ട്. ആദ്യം മരിച്ച വ്യക്തിയുടെ സോഴ്‌സ് ഐഡന്റിഫിക്കേഷന്‍ നടക്കുന്നു. 19 ടീമുകളുടെ മീറ്റിംഗ് ചേര്‍ന്നുവെന്നും കൂടുതല്‍ ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

Previous Post Next Post