നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി; ക്ലാസുകൾ ഓൺലൈനായി മാത്രം



കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധി നീട്ടി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പ്രഫഷനല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ ക്ലാസിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.നിപയുടെ സാഹചര്യത്തിൽ വിദ്യാർഥികളുടെ അധ്യയനം നഷ്ടപ്പെടാത്ത രീതിയിൽ

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ജില്ലയിലെ ആരോഗ്യ - വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേരുകയും ജില്ലയിൽ അടുത്ത ഞായറാഴ്ചവരെ ക്ലാസുകൾ ഓൺലൈനായി തുടരാൻ തീരുമാനമായതായും മന്ത്രി പറഞ്ഞു. ജില്ലയില്‍ നേരത്തെ മൂന്നു ദിവസമാണ് അവധി പ്രഖ്യാപിച്ചിരുന്നത്.നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്‍റെ വീട്ടിൽ സന്ദർശനം നടത്തിയതിന് പിന്നാലെ ക്വാറന്‍റൈനിൽ കഴിയുകയായിരുന്ന വിദ്യാർഥിയെ മെഡിക്കൽ കോളജിലേക്ക് മാറ്റി. നാദാപുരം ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സമ്പർക്ക വിലക്കിൽ കഴിയുകയായിരുന്ന 11 കാരനായ വിദ്യാർഥിയെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം മരുതോങ്കര കള്ളാടുള്ള മരണ വീട്ടിൽ പോയി സമ്പർക്ക വിലക്കിൽ കഴിയുകയായിരുന്ന കുടുംബത്തിലെ വിദ്യാർഥിക്ക് ഇന്നലെ രാവിലെയാണ് പനിയും ഛർദ്ദിയും ചുമയും അനുഭവപ്പെട്ടത്.തുടർന്ന് ആരോഗ്യ വിഭാഗം ജീവനക്കാർ പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Previous Post Next Post