ഡല്‍ഹി: ഡല്‍ഹി ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ പോര്‍ട്ടറുടെ വേഷത്തില്‍ ചുമട്ടുതൊഴിലാളികള്‍ക്കൊപ്പം പെട്ടി ചുമക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ പുറത്ത്.
ചുമട്ടുതൊഴിലാളികളുടെ ചുവന്ന ഷര്‍ട്ട് ധരിച്ച സ്യൂട്ട്‌കേസുമായി രാഹുല്‍ ഗാന്ധി നടക്കുന്നത് വീഡിയോയില്‍ കാണാം. പെട്ടിചുമന്ന രാഹുല്‍ പോര്‍ട്ടര്‍മാര്‍ക്കൊപ്പം ഏറെ നേരം ചെലവിട്ട ശേഷമാണ് മടങ്ങിയത്.
ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി ഐസ്ബിടി റെയില്‍വേ ടെര്‍മിനലില്‍ പോര്‍ട്ടറുടെ വേഷത്തില്‍ എത്തിയത്. ചുമട്ടുതൊഴിലാളികള്‍ക്കൊപ്പമിരുന്ന് രാഹുല്‍ അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു.
'ഇന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ ജോലി ചെയ്യുന്ന കൂലി സഹോദരങ്ങളെ കണ്ടു. വളരെക്കാലമായി എന്റെ മനസ്സില്‍ ഈ ആഗ്രഹം ഉണ്ടായിരുന്നു, അവരും എന്നെ വളരെ സ്‌നേഹത്തോടെ വിളിച്ചിരുന്നു.
ഇന്ത്യയിലെ കഠിനാധ്വാനികളായ സഹോദരങ്ങളുടെ ആഗ്രഹം എന്ത് വിലകൊടുത്തും നിറവേറ്റണം' രാഹുല്‍ ട്വീറ്റ് ചെയ്തു.