മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചലച്ചിത്ര പ്രതിഭ കെ ജി ജോര്‍ജ് വിടപറഞ്ഞ ദിവസമാണ് ഇന്ന്. കെ ജെ ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോള്‍ ആളെ പെട്ടെന്ന് മനസിലാകാതെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഒരു പിഴവ് സംഭവിച്ചു. ജോര്‍ജ് നല്ല പൊതുപ്രവര്‍ത്തകനാണെന്ന് ആയിപ്പോയി അദ്ദേഹത്തിന്റെ പ്രതികരണം. സുധാകരന്റെ പ്രതികരണത്തില്‍ നിന്ന് മരണപ്പെട്ടത് പി സി ജോര്‍ജെന്ന് കരുതിയ ചില ആളുകള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുക കൂടി ചെയ്തതോടെ തെറ്റിദ്ധാരണ ഒഴിവാക്കാന്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പി സി ജോര്‍ജ്. താന്‍ മരിച്ചിട്ടില്ലെന്ന ആമുഖത്തോടെയാണ് പി സി ജോര്‍ജിന്റെ വിശദീകരണം. ‘സുധാകരന്‍ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ച് ഞാന്‍ മരിച്ചു എന്ന് അറിയിച്ചതാണ്. സുധാകരന്‍ നല്ല മനുഷ്യനാണ്. അദ്ദേഹത്തെപ്പോലെ മാന്യനായ നേതാവിനെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല’. പി സി ജോര്‍ജ് പറഞ്ഞു. താന്‍ പള്ളിയില്‍ നില്‍ക്കുമ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും സംഭവത്തിനുശേഷം നിരവധിയാളുകള്‍ തന്നെ സമീപിച്ചെന്നും പി സി ജോര്‍ജ് പറഞ്ഞു. പ്രതികരണത്തില്‍ പിഴവ് ബോധ്യമായതോടെ ഖേദം പ്രകടിപ്പിച്ച് കെ സുധാകരനും രംഗത്തെത്തി. ആരാണ് മരണപ്പെട്ടതെന്ന് അപ്പോള്‍ മനസിലായിരുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ അത് വ്യക്തമാക്കിയിരുന്നില്ലെന്നും ഈ സംഭവത്തില്‍ താന്‍ ഖേദിക്കുന്നതായും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്ന് രാവിലെ കെ. ജി ജോര്‍ജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോള്‍ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവര്‍ത്തകന്‍ കെ ജി ജോര്‍ജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തില്‍ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല.