ചക്രവാതച്ചുഴി, ഇടിമിന്നലോട് കൂടിയ മഴയെത്തും; അഞ്ചുദിവസം മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് തടസ്സമില്ല


 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ സാധ്യതയുണ്ടെങ്കിലും വരും ദിവസങ്ങളിൽ ഒരിടത്തും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.തെക്ക് പടിഞ്ഞാറൻ ഉത്തർപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ട്. മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നു വീണ്ടും ശക്തി പ്രാപിച്ചു പടിഞ്ഞാറ്, വടക്ക് - പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു.നാളെ തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Previous Post Next Post