സനാതനധര്‍മം ഇല്ലാതാക്കലാണ് 'ഇന്ത്യ'മുന്നണിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി


 
ന്യൂഡല്‍ഹി: സനാതനധര്‍മം ഇല്ലാതാക്കലാണ് 'ഇന്ത്യ' സഖ്യം ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാമി വിവേകാനന്ദനും ലോകമാന്യ തിലകനും പ്രചോദനമായ സനാതനധര്‍മ്മം ഇല്ലാതാക്കാനാണ് പ്രതിപക്ഷ ഐക്യത്തിന്റെ ശ്രമമെന്ന് മോദി പറഞ്ഞു. മധ്യപ്രദേശിലെ ഒരു തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ആയിരക്കണക്കിന് വര്‍ഷങ്ങളോളം ഒന്നിപ്പിച്ച മൂല്യങ്ങളും പാരമ്പര്യവും തകര്‍ക്കാനുള്ള ലക്ഷ്യവും പ്രതിപക്ഷത്തിനുണ്ട്. ഝാന്‍സിയിലെ റാണി ലക്ഷ്മീഭായിക്ക് ബ്രിട്ടീഷുകാരെ വെല്ലുവിളിക്കാനും തന്റെ ഝാന്‍സിയെ കൈവിടില്ലെന്ന് പറയാനും കഴിഞ്ഞത് സനാതന ധര്‍മത്തിന്റെ ശക്തിയാണെന്നും മോദി പറഞ്ഞു. 

ഇന്ന് അവര്‍ പരസ്യമായി സനാതനധര്‍മത്തെ ലക്ഷ്യമിടുന്നു. നാളെ നമുക്ക് നേരെയുള്ള അവരുടെ ആക്രമണം വര്‍ധിപ്പിക്കും. രാജ്യത്തുള്ള എല്ലാ സനാതനധര്‍മികളും, രാജ്യസ്‌നേഹികളും ജാഗ്രത പാലിക്കണം. ഇത്തരക്കാരെ നമുക്ക് തടയേണ്ടി വരുമെന്നും മോദി പറഞ്ഞു. കൊറോണ വൈറസ്, മലേറിയ, ഡെങ്കിപ്പനി എന്നിവയോടാണ് ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ ഉപമിച്ചത്. ഇത്തരം കാര്യങ്ങള്‍ എതിര്‍ക്കുകയല്ല, ഇല്ലാതാക്കുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു.

ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മത്തെക്കുറിച്ചുള്ള പരാമര്‍ശത്തോടുള്ള പ്രധാനമന്ത്രിയുടെ ആദ്യ പരസ്യ പ്രതികരണമാണിത്. സനാതന ധര്‍മം സാമൂഹികനീതിക്കും തുല്യതയ്ക്കും എതിരാണെന്നും കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണ് എന്നുമായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.
Previous Post Next Post