കാസര്‍കോട്: അന്‍പത്തിനാലുകാരനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍. ചൊവ്വാഴ്ച രാവിലെയാണ് ഉദിനൂര്‍ പരുത്തിച്ചാലിലെ എം.വി. ബാലകൃഷ്ണനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവ് തൃക്കരിപ്പൂര്‍ വൈക്കത്തെ രജീഷിനെ (36) ആണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.
സാഹചര്യത്തെളിവുകളുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുഖത്ത് അടിയേറ്റ ചതവ് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. അടിയേറ്റ് മലര്‍ന്നുവീണ ബാലകൃഷ്ണന്റെ തലയുടെ പിന്‍ഭാഗത്തുണ്ടായ മുറിവില്‍ നിന്ന് ചോരവാര്‍ന്നാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.