കോട്ടയം : മാസപ്പടി വിവാദത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം നടത്തണമെന്ന് ജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സിക്ക് പരാതി നല്‍കി. തന്റെ പരാതിയില്‍ 15 ദിവസത്തിനകം നടപടി എടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഈ അന്വേഷണം നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഇത് നടക്കാത്ത സാഹചര്യത്തില്‍ ആണ് പരാതി നല്കിയത്. അനധികൃത കരിമണല്‍ ഖനനത്തിനു വേണ്ടിയാണ് ഇടപാടുകള്‍ നടന്നിട്ടുള്ളത് എന്ന് അദ്ദേഹം ആരോപിച്ചു.
ഏറ്റവും ഗൗരവമുള്ള വിഷയം സിഎംആര്‍എല്‍ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ 13.4 ശതമാനം ഓഹരി കൈവശം വച്ചിട്ടുള്ളത് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കേര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) ആണ്. ഇന്റരിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ പ്രകാരം സിഎംആര്‍എല്‍ നടത്തിയ 135 കോടി രൂപയുടെ തിരിമറിയില്‍ കെഎസ്‌ഐഡിസിക്ക് മാത്രം ഓഹരി പങ്കാളിത്തം അനുസരിച്ച് 18 കോടി രൂപയില്‍ അധികം നഷ്ടം സംഭവിച്ചിട്ടുണ്ട്.
ഒരു പൊതുമേഖല സ്ഥാപനം എന്ന നിലയില്‍ കെഎസ്‌ഐഡിസിയ്ക്ക് ഉണ്ടാകുന്ന നഷ്ടം സംസ്ഥാനത്തിന്റെ പൊതുവ്യവസായ വികസനത്തെ തന്നെ ബാധിക്കുന്ന പ്രവര്‍ത്തനമാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിന് ഇത്ര വലിയ നഷ്ടം സംഭവിച്ച കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ പ്രതികൂട്ടില്‍ നില്‍ക്കുന്നതില്‍ പ്രമുഖര്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിയും മുഖ്യമന്ത്രിയുടെ ഭാര്യ കമലാ വിജയന്‍ കണ്‍സെന്റ് നോമിനിയായ കമ്പനിയുമാണ്.
കേരളത്തിലെ ഏറ്റവും വലിയ അഴിമതികളെ ലഘൂകരിച്ച് കാണാന്‍ കഴിയില്ല. റിപ്പോര്‍ട്ടും വസ്തുതകളും പുറത്തുവന്നതിനുശേഷവും ഒരു തരത്തിലുള്ള അന്വേഷണവും ഇതിന്മേല്‍ നടക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിന് 18 കോടി രൂപയില്‍ അധികം നഷ്ടമുണ്ടാക്കിയ ഒരു തട്ടിപ്പില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മുഖ്യമന്ത്രി തല്‍സ്ഥാനത്ത് തുടരുന്നത് രാജ്യത്തിന് തന്നെ അപമാനകരവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. മുഖ്യമന്ത്രി രാജിവെച്ച് ഒഴിയണമെന്നും ഷോണ്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടു.