ഗുരുവായൂരിലെ 105 കിലോ സ്വർണം മുംബൈയിലേക്ക്, ഉരുക്കി ബാറുകളാക്കും; ബാങ്കിൽ നിക്ഷേപിക്കാൻ ദേവസ്വം



 ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച സ്വർണത്തിൻ്റെ ഒരു ഭാഗം ബാങ്കിൽ നിക്ഷേപിക്കാൻ ദേവസ്വം ബോർഡ്. 105 കിലോ സ്വർണം എസ്ബിഐയുടെ മുംബൈയിലെ ബുള്യൻ ബ്രാഞ്ചിലാണ് നിക്ഷേപിക്കുക. ഇതിനായി സ്വർണം മുംബൈയിലേക്ക് കൊണ്ടുപോയി. സ്വർണം ഉരുക്കി ബാറുകളാക്കിയാണ് നിക്ഷേപമാക്കുക.മുംബൈയിലെ കേന്ദ്രസർക്കാരിൻ്റെ മിൻ്റിലാണ് സ്വർണം ഉരുക്കുന്നത്. ഈ മാസം 30, 31 തീയതികളിലാണ് പ്രവൃത്തി നടക്കുക. ദേവസ്വം ബോർഡ് അധികൃതരുടെ സാന്നിധ്യത്തിലാണ് ഉരുക്കൽ പ്രവൃത്തി നടക്കുന്നത്. ഇതിനായി ദേവസ്വം ബോർഡ് അംഗങ്ങൾ 29ന് മുംബൈയിലേക്ക് പുറപ്പെടും. സ്വർണം ഉരുക്കി ശുദ്ധീകരിച്ച് ബാറുകളാക്കിയാണ് ബാങ്കിൽ നിക്ഷേപിക്കുന്നത്.സ്വർണത്തിനു പുറമേ ആറ് ടൺ വെള്ളിയും ബാങ്കിൽ നിക്ഷേപിക്കും. ഹൈദ്രാബാദിലെ കേന്ദ്രസർക്കാർ മിൻ്റിൽ വെള്ളി എത്തിച്ച് ശുദ്ധീകരിച്ചു തുല്യമൂല്യമുള്ള സ്വർണമാക്കി മാറ്റിയ ശേഷമാകും നിക്ഷേപം നടത്തുക.

ദേവസ്വത്തിന് വരുമാന മാർഗം കൂടിയാണ് ഇത്തരത്തിലുള്ള നിക്ഷേപം. മുൻപ് 300 കിലോ സ്വർണം നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽനിന്ന് ഏഴുകോടിയോളം രൂപയാണ് പലിശയിനത്തിൽ ദേവസ്വത്തിന് ലഭിക്കുന്നത്. വഴിപാടായി ലഭിക്കുന്ന മൂല്യമേറിയ വസ്തുക്കൾ ദേവസ്വം ബോർഡ് ലോക്കറിലാണ് സൂക്ഷിക്കുന്നത്. അടുത്തിടെ, സ്വർണത്തിലുള്ള കിരീടങ്ങളും കിണ്ടികളും ഓടക്കുഴലുമടക്കം ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ചിരുന്നു.
Previous Post Next Post