ഒരു വര്‍ഷത്തിനിടെ അരിക്കൊമ്പന്‍ റേഷന്‍ കട ആക്രമിച്ചത് 11 തവണ, ഒടുവില്‍ കാട് കയറ്റി; പുതിയ കട റെഡി



മൂന്നാര്‍: അരിക്കൊമ്പന്‍ അന്നം മുടക്കിയ റേഷന്‍ കട പുനര്‍നിര്‍മിച്ചു. ചിന്നക്കനാല്‍ പന്നിയാറിലെ റേഷന്‍ കടയാണ് പുനര്‍നിര്‍മിച്ചത്. അരിക്കൊമ്പനെ കാട് കയറ്റി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് റേഷന്‍ കട വീണ്ടും പ്രവര്‍ത്തന സജ്ജമാക്കിയത്.ഒരു വര്‍ഷത്തിനിടയില്‍ 11 തവണയാണ് ഈ റേഷന്‍ കട അരിക്കൊമ്പന്‍ ആക്രമിച്ച് നശിപ്പിച്ചത്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ജനവാസ മേഖലകള്‍ അരിക്കൊമ്പന്റെ വിഹാരകേന്ദ്രം ആയിരുന്നു. അരിക്കൊമ്പന്‍ നിരന്തരമായി വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണം നടത്തിയിരുന്നു. ആനയിറങ്കലിലെയും ചിന്നക്കനാലിലെയും റേഷന്‍ കടകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഏറ്റവും അധികം ആക്രമണം നേരിട്ടത് പന്നിയാര്‍ തോട്ടം മേഖലയില്‍ സ്ഥിതി ചെയ്തിരുന്ന റേഷന്‍ കട ആയിരുന്നു.

അരിക്കൊമ്പനെ കാട് കയറ്റുന്നതിന് തൊട്ട് മുന്‍പുള്ള മാസവും പല തവണ ഈ റേഷന്‍ കടയ്ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. റേഷന്‍ വിതരണം പോലും സ്ഥിരമായി മുടങ്ങുന്ന സാഹചര്യം വരെ നേരിട്ടു. ഇതോടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ മന്ത്രിയുടെയും കളക്ടറുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആണ് തീരുമാനം ഉണ്ടായത്.

റേഷന്‍ കടയുടെ നിര്‍മാണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍, അരിക്കൊമ്പനെ കാട് കയറ്റി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് കട പുനഃനിര്‍മിച്ചത്. റേഷന്‍ കടയുടെ ഉദ്ഘാടനം ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് നിര്‍വഹിച്ചു.
അരിക്കൊമ്പന്‍ സ്ഥിരമായി ആക്രമണം നടത്തിയതോടെ പന്നിയാറില്‍ റേഷന്‍കടയും സ്‌കൂളും പ്രവര്‍ത്തിക്കുന്ന മേഖലയില്‍ വനം വകുപ്പ് ഹാങ്ങിങ് സോളാര്‍ ഫെന്‍സിങ് ഒരുക്കിയിരുന്നു. ആനയുടെ ആക്രമണത്തില്‍ പതിറ്റാണ്ടുകള്‍ പഴക്കം ചെന്ന റേഷന്‍ കടയാണ് തകര്‍ന്നത്.
Previous Post Next Post