യുകെ വീസ നിരക്കുവര്‍ധന പ്രാബല്യത്തില്‍; സ്റ്റുഡന്റസ് വീസയ്ക്ക് 127 പൗണ്ട് കൂടി



ലണ്ടന്‍ : യുകെ ഹോം ഓഫിസ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇമിഗ്രേഷന്‍, നാഷനാലിറ്റി സര്‍വീസുകള്‍ക്കുള്ള ഫീസ് വര്‍ധനവ് ഇന്നു നിലവില്‍ വന്നു. കഴിഞ്ഞ ജൂലൈയിലാണ് ഒട്ടുമിക്ക വര്‍ക്ക് വീസകളുടെയും സന്ദര്‍ശന വീസകളുടെയും ഫീസില്‍ 15% വര്‍ധനവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മുന്‍ഗണന വീസകള്‍, സ്‌റ്റഡി വീസകള്‍, സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ചാര്‍ജിലും കുറഞ്ഞത് 20% വര്‍ധനവാണ് നിലവില്‍ വന്നത്.


മിക്ക എന്‍ട്രി ക്ലിയറന്‍സ് ഫീസുകളെയും ജോലി, പഠനം എന്നിവയ്ക്കായി യുകെയില്‍ തുടരുന്നതിനുള്ള പ്രത്യേക അപേക്ഷകളെയും വര്‍ധന ബാധിക്കും . സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍, പഠനത്തിനുള്ള സ്വീകാര്യത സ്ഥിരീകരിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ഫീസുകളും വര്‍ധിപ്പിച്ചു.


നഴ്‌സുമാര്‍ ഡോക്ടര്‍മാര്‍ കെയറര്‍മാര്‍ അടക്കമുള്ള ആരോഗ്യമേഖലയിലെ തസ്തികകളുടെ വീസ ഫീസുകളില്‍ വന്നിട്ടുള്ള വര്‍ധന ഇന്ത്യക്കാരെയാണ് കൂടുതലായി ബാധിക്കുക. യുകെയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പള വര്‍ധനവിനും എന്‍എച്ച്എസ് നവീകരണത്തിനും തുക കണ്ടെത്തുകയാണ് ഇമിഗ്രേഷന്‍ അടക്കമുള്ള വീസ ഫീസ് വര്‍ധന കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി റിഷി സുനക് നേരത്തേ വ്യക്തമാക്കിയിരുന്നു. ഹെല്‍ത്ത്, കെയര്‍ വീസകള്‍, ബ്രിട്ടിഷ് പൗരത്വത്തിനുള്ള അപേക്ഷകള്‍, ആറ് മാസം, രണ്ട് വര്‍ഷം, അഞ്ച് വര്‍ഷം, പത്ത് വര്‍ഷം എന്നിങ്ങനെ നീളുന്ന സന്ദര്‍ശക വീസകള്‍ക്കുള്ള ഫീസ് എന്നിവ ഉള്‍പ്പെടെ വിവിധ വീസ വിഭാഗങ്ങള്‍ക്ക് ഫീസ് വര്‍ധനവ് ബാധകമാണ്.


ആറുമാസത്തില്‍ താഴെയുള്ള സന്ദര്‍ശന വീസയുടെ ഫീസ് 115 പൗണ്ട് ആയി ഉയരും. 15 പൗണ്ടിന്റെ വര്‍ധനവാണ് വരിക. വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള വീസ അപേക്ഷാഫീസ് 363 ല്‍ നിന്നും 490 പൗണ്ട് ആയി വര്‍ധിക്കും. ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റുഡന്റ് വീസ അപേക്ഷകര്‍ 127 പൗണ്ടാണ് കൂടുതലായി നല്‍കേണ്ടി വരിക. വിവിധ സ്‌കില്‍ഡ് വര്‍ക്ക് വീസ ഫീസുകള്‍ വര്‍ധിച്ചിട്ടുണ്ട്. 3 വര്‍ഷം വരെ കാലാവധിയുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ വീസകളുടെ യുകെയില്‍ നിന്നുള്ള ചാര്‍ജുകള്‍ 719 പൗണ്ടില്‍ നിന്ന് 827 പൗണ്ടായി വര്‍ധിച്ചു. വിദേശത്ത് നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ വീസ ചാര്‍ജ് 625 പൗണ്ടില്‍ നിന്ന് 719 പൗണ്ടായി വര്‍ധിച്ചു. സ്‌കില്‍ഡ് വര്‍ക്ക് വീസ 3 വര്‍ഷത്തില്‍ കൂടുതല്‍ ലഭിക്കണമെങ്കില്‍ യുകെയില്‍ നിന്നുള്ളവര്‍ക്ക് 1,423 പൗണ്ടിന്റെ സ്ഥാനത്ത് 1,500 പൗണ്ട് അടയ്ക്കണം. വിദേശത്തുള്ള അപേക്ഷകര്‍ 1,235 ന് പകരം 1,420 പൗണ്ടാണ് അടയ്‌ക്കേണ്ടത്.


ഷോര്‍ട്ടേജ് ഒക്കപ്പേഷന്‍ ലിസ്‌റ്റിലുള്ള 3 വര്‍ഷം വരെയുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ വീസ ഫീസുകള്‍ യുകെയില്‍ നിന്നുള്ളവര്‍ക്ക് 479 പൗണ്ടില്‍ നിന്ന് 551 പൗണ്ടായി വര്‍ധിച്ചു. വിദേശത്ത് നിന്നുള്ളവര്‍ക്ക് 479 പൗണ്ടിന് പകരം 551 പൗണ്ടാണ് അടയ്‌ക്കേണ്ടത്. ഷോര്‍ട്ടേജ് ഒക്കപ്പേഷന്‍ ലിസ്‌റ്റിലുള്ള 3 വര്‍ഷത്തില്‍ കൂടുതലുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ വീസയ്ക്ക് യുകെയില്‍ നിന്നുള്ളവര്‍ 943 പൗണ്ടിന്റെ സ്ഥാനത്ത് 1,084 പൗണ്ട് അടയ്ക്കണം. വിദേശത്ത് നിന്നുള്ളവര്‍ 943 പൗണ്ടിന് പകരം 1,084 പൗണ്ട് നല്‍കണം. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വീസ 3 വര്‍ഷം വരെ ലഭിക്കാന്‍ യുകെയില്‍ നിന്നുള്ളവര്‍ 247 പൗണ്ടിന്റെ സ്ഥാനത്ത് 284 പൗണ്ട് അടയ്ക്കണം. വിദേശത്ത് നിന്നുള്ളവര്‍ 247 പൗണ്ടിന് പകരം 284 പൗണ്ടാണ് അടയ്‌ക്കേണ്ടത്. ഇതേ വീസ 3 വര്‍ഷത്തില്‍ കൂടുതല്‍ ലഭിക്കാന്‍ യുകെയില്‍ നിന്നും 479 പൗണ്ടിന്റെ സ്ഥാനത്ത് 551 പൗണ്ട് അടയ്ക്കണം. വിദേശത്ത് നിന്നുള്ളവര്‍ 479 പൗണ്ടിന്റെ സ്ഥാനത്ത് 551 പൗണ്ടാണ് അടയ്‌ക്കേണ്ടത്.

വീസ ഫീസ് വര്‍ധനവുകള്‍ വിശദമായി അറിയുന്നതിന് ഹോം ഓഫിസ് വെബ്സൈറ്റ് പരിശോധിക്കാം:

https://www.gov.uk/government/publications/visa-regulations-revised-table/home-office-immigration-and-nationality-fees-4-october-2023


Previous Post Next Post