13 സബ്സിഡി ഇനങ്ങളുടെ വില കൂട്ടണമെന്ന് സപ്ലൈകോ; മുഖ്യമന്ത്രിക്ക് കത്ത് കൈമാറി



തിരുവനന്തപുരം: സബ്സിഡി ഇനങ്ങളുടെ വില കൂട്ടാൻ സർക്കാരിന് സപ്ലൈകോ കത്ത് നൽകിയെന്ന് റിപ്പോർട്ട്. 13 സബ്സിഡി ഇനങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില കൂട്ടണമെന്നാണ് സപ്ലൈകോ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഏഴ് വർഷമായി 13 ഇനങ്ങളുടെ വില കൂട്ടിയിട്ടില്ല, ഇതിനിടെയാണ് സപ്ലൈകോയുടെ പുതിയ നീക്കം.ഏഴ് വര്‍ഷമായി വിലകൂടാത്ത ചെറുപയറും ഉഴുന്നും കടലയും പയറും അരിയും പച്ചരിയും ഉള്‍പ്പടെ 13 സബ്സിഡി ഇനങ്ങള്‍ക്കും സബ്സിഡി ഇല്ലാത്ത 28 ഇനങ്ങള്‍ക്കും വില കൂട്ടണമെന്നാണ് ആവശ്യമെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. സപ്ലൈകോ എംഡിയുടെ കത്ത് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്.13 സബ്സിഡി സാധനങ്ങളുടെയും വില അടിയന്തരമായി വർധിപ്പിക്കണമെന്നാണ് ആവശ്യം. 20 – 30 % വില കുറച്ച് ഫ്രീ സെയിൽ സബ്സിഡി നിരക്കിൽ നൽകുന്ന 28 ഉൽപന്നങ്ങളുടെ വില കൂട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 500 കോടി രൂപ ഉടൻ കിട്ടാതെ പിടിച്ചുനിൽക്കാനാവില്ലെന്നും സപ്ലൈകോ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.


സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് സപ്ലൈകോ വില കൂട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കിറ്റ് വിതരണം ഉള്‍പ്പെടെയുള്ള വിപണി ഇടപെടലിനായി ചെലവാക്കിയ 1500 കോടിയോളം രൂപ സപ്ലൈകോയ്ക്ക് ലഭിക്കാനുണ്ട്. വിതരണക്കാര്‍ക്ക് 600 കോടി രൂപയോളം കടമാണെന്നും റിപ്പോർട്ട് പറയുന്നു. വിപണി ഇടപെടലിന് പ്രതിവർഷം 300 കോടിയെങ്കിലും വേണമെന്നാണ് ആവശ്യം.നേരത്തെ, സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കയറുമ്പോഴൊക്കെ സപ്ലൈകോയിലെ സാധനങ്ങളുടെ വില ഉയരാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ ഇതിനെ പ്രതിരോധിച്ചത്. 2016 മുതൽ 13 ഇനത്തിന്‍റെ വില കൂടിയിട്ടില്ലെന്ന കാര്യം സർക്കാരും എൽഡിഎഫും ഉയർത്തിക്കാട്ടിയിരുന്നു. കടം വീട്ടാനുള്ള പണം അനുവദിക്കുകയോ, അല്ലെങ്കില്‍ വില വര്‍ധിപ്പിക്കുകയോ വേണമെന്നാണ് ആവശ്യം. അതുകൊണ്ട് തന്നെ പുതിയ സാഹചര്യം സർക്കാർ എങ്ങനെ മറികടക്കുമെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്.
Previous Post Next Post