'ഒരു യാത്ര കഴിഞ്ഞെത്തി 14 മിനിട്ടുകൊണ്ട് കുളിച്ച് കുട്ടപ്പനാകും'; വന്ദേ ഭാരതിന്റെ പുതിയ അതിവേ​ഗ ശുചീകരണം ഇങ്ങനെ



ന്യൂഡൽഹി: പലപ്പോഴും ഇന്ത്യൻ റെയിൽവെയോട് ആളുകൾക്ക് മുഖംചുളിക്കുന്നത് വൃത്തിയില്ലായമയുടെ പേരിലാണ്. എന്നാൽ, ഇതിനുള്ള പരിഹാരവും എത്തിയിരിക്കുകയാണ്. അതിവേഗത്തിൽ വൃത്തിയാക്കുന്ന സംവിധാനം രാജ്യത്തിന്റെ വിവിധ സ്റ്റേഷനുകളിലാണ് ഒരുക്കിയിരിക്കുന്നത്.

തദ്ദേശിയമായി വികസിപ്പിച്ചെടുത്ത വന്ദേ ഭാരത് ട്രെയിൻ പുതിയ സംവിധാനം ഉപയോഗിച്ച് വെറും 14 മിനിട്ടുകൊണ്ടാണാണ് വൃത്തിയാക്കുക. 14 മിനിട്ടിന്റെ അത്ഭുതം എന്നാണ് പുതിയ സൗകര്യത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. നിലവിൽ ഒരു ട്രിപ്പിന് ശേഷം 45 മിനിട്ടാണ് ഒരു വന്ദേ ഭാരത് ട്രെയിൻ വൃത്തിയാക്കുന്നതിന് എടുക്കുന്ന സമയം. ഇത് പരിഹരിക്കാൻ സാധിക്കുന്നതോടെ ട്രെയിൻ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്നാണ് കരുതുന്നത്.

ആദ്യഘട്ടത്തിൽ ഡൽഹി ആനന്ദ് വിഹാർ, ചെന്നൈ, പുരി, ഷിർദ്ദി എന്നിങ്ങനെ രാജ്യത്തെ സുപ്രധാനമായ 29 സ്റ്റേഷനുകളിലാണ് ഈ സൗകര്യം ഒരുങ്ങുന്നത്. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.ഞായറാഴ്ച ഡൽഹി കാന്റ് സ്റ്റേഷനിൽ നടക്കുന്ന ആദ്യ വൃത്തിയാക്കൽ സെഷനിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യന്ത്രങ്ങളുടെ സഹായത്തോടെയാകില്ല ഈ വൃത്തിയാക്കൽ പ്രക്രിയ നടക്കുന്നത്. ഇതിനായി ഓരോ കോച്ചിലും മൂന്ന് ജീവനക്കാർ വീതമാണ് ഉണ്ടാകുക. അതിനായി പ്രത്യേകം പരിശീലനം നേടിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ സ്വഛതാ ഹി സേവ എന്ന കാമ്പയിന്റെ ഭാഗമായാണ് പുതിയ പദ്ധതി. 14 മിനിട്ടിന്റെ അത്ഭുതം എന്നായിരുന്നു റെയി‌ൽവേ മന്ത്രാലയം ഇതിനേക്കുറിച്ച് പ്രതികരിച്ചത്. ജപ്പാനിലാണ് ഇത്തരത്തിൽ ഒരു മാതൃക ഇന്നുള്ളത്. 7 മിനിട്ടുകൊണ്ടാണ് ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ വൃത്തിയാക്കുന്നത്.യാത്രക്കാർ എല്ലാം ടെർമിനൽ സ്റ്റേഷനിൽ ഇറങ്ങിയെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് വൃത്തിയാക്കൽ അഭ്യാസം തുടങ്ങുക. 14 മിനിറ്റിന്നുള്ളിൽ വൃത്തിയാക്കിൽ തീർക്കും. പരിപാടിയുടെ സുഗമമായ പ്രവർത്തനത്തിന് ഫ്ലോ ചാർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതി പ്രവർത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Previous Post Next Post