ലക്ഷ്യം കൂടുതൽ സീറ്റുകൾ; രാജസ്ഥാനിൽ 17 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം, സിറ്റിങ് എംഎൽമാർ വീണ്ടും മത്സരിക്കും



ജയ്പുർ: രാജസ്ഥാനിൽ രണ്ട്‌ സിറ്റിങ്‌ സീറ്റിലടക്കം 17 സീറ്റിൽ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നവംബർ 25നാണ് രാജസ്ഥാൻ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ രണ്ട് എംഎൽഎമാരും സിറ്റിങ് സീറ്റിൽനിന്ന് വീണ്ടും ജനവിധി തേടുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി അമ്രാ റാം പറഞ്ഞു.ഹനുമൻഗഢ്‌ ജില്ലയിലെ ഭദ്രയിൽ ബൽവൻ പുനിയ വീണ്ടും മത്സരിക്കും. മറ്റൊരു സിറ്റിങ്‌ സീറ്റായ ബിക്കാനീറിലെ ദുംഗർഗഢിൽ ഗിർദാരിലാൽ മഹിയ വീണ്ടും ജനവിധി തേടും. ഹനുമൻഗഢ്‌ ജില്ലയിവെ നോഹർ സീറ്റിൽ മനോജ് ചൗധരിയാണ് സിപിഎം സ്ഥാനാർഥി. ഹനുമൻഗഢ്‌ മണ്ഡലത്തിൽ രഘുവീർ വർമയാണ് സ്ഥാനാർഥി.സിപിഎം കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയുമായ അമ്രാ റാം സിക്കർ ജില്ലയിലെ ദത്താരംഗഢിൽ മത്സരിക്കും. നേരത്തെ നാലുതവണ എംഎൽഎ ആയിരുന്ന അമ്രാ റാം 2008ൽ ദത്താരംഗഢിൽ ജയിച്ചിരുന്നു. മറ്റൊരു മുൻ എംഎൽഎയായ പേമാ റാം സിക്കറിലെ ദോഢിൽ നിന്നും ജനവിധി തേടും.

സിക്കർ ജില്ലയിൽ നാലും ചുരു ജില്ലകളിൽ മൂന്നുവീതവും ശ്രീഗംഗാനഗറിലും നഗൗറിലും രണ്ടുവീതവും ദുംഗർപ്പുർ, ബിക്കാനീർ, ഉദയ്‌പ്പുർ ജില്ലകളിൽ ഓരോ സീറ്റിലുമാണ്‌ സിപിഎം മത്സരിക്കുന്നത്. സിപിഎമ്മിന് സ്ഥാനാർഥികളില്ലാത്ത മറ്റുമണ്ഡലങ്ങളിൽ ബിജെപിക്കെതിരായി നിലകൊള്ളുമെന്ന് സംസ്ഥാന സെക്രട്ടറി അമ്രാ റാം പറഞ്ഞു.രാജസ്ഥാനിൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാൻ ശ്രമമുണ്ടായിരുന്നെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം. ശക്തികേന്ദ്രങ്ങളിൽ കഴിഞ്ഞതവണ കോൺഗ്രസുമായി സിപിഎം നേരിട്ടേറ്റുമുട്ടിയിരുന്നു. കർഷകസമരമുന്നേറ്റമുൾപ്പെടെയുള്ള രാഷ്ട്രീയസാഹചര്യം പാർട്ടിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സിപിഎം വിലയിരുത്തുന്നത്.കഴിഞ്ഞ തവണ 28 സീറ്റിലായിരുന്നു രാജസ്ഥാനിൽ സിപിഎം മത്സരിച്ചത്. 2013 ൽ 38 ഇടത്തു മത്സരിച്ചെങ്കിലും ഒരിടത്തും വിജയിച്ചിരുന്നില്ല. കർഷക സമരവും മറ്റുമായിരുന്നു കഴിഞ്ഞതവണയും പാർട്ടിയ്ക്ക് നേട്ടമായത്.
Previous Post Next Post