ലണ്ടന്‍: യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാര്‍ തമ്മിലുള്ള വിലയുദ്ധം മുറുക്കിയത് ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമാകുന്നു. ഇത് മൂലം രണ്ട് വര്‍ഷത്തിനിടെ ആദ്യമായി രാജ്യത്തെ ഭക്ഷ്യവിപണിയില്‍ വിലകുറഞ്ഞു. സെപ്റ്റംബര്‍ മാസത്തില്‍ വില കഴിഞ്ഞ മാസത്തേക്കാള്‍ 0.1% കുറഞ്ഞതായാണ് ബ്രിട്ടീഷ് റീറ്റെയില്‍ കണ്‍സോര്‍ഷ്യം (ബി ആര്‍ സി ) വെളിപ്പെടുത്തിയത്. പാലുത്പന്നങ്ങള്‍, മത്സ്യം , പച്ചക്കറികള്‍ എന്നിവയുടെ വിപണി വിലയാണ് കുറഞ്ഞത്. എന്നാല്‍ പലചരക്ക് സാധനങ്ങളുടെ വില ഉയര്‍ന്ന നിലയില്‍ തന്നെയാണെങ്കിലും വരും മാസങ്ങളില്‍ കുറയുമെന്നാണ് കരുതപ്പെടുന്നത്.
മൊത്തത്തില്‍ ഭക്ഷ്യേതര സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വില 6.2% ആയി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. സ്കൂള്‍ യൂണിഫോമുകളുടെയും കുട്ടികള്‍ക്ക് ആവശ്യമായ മറ്റ് സാധനങ്ങളുടെയും വിലകുറഞ്ഞത് കുടുംബങ്ങളെ വളരെയേറെ സഹായിച്ചതായി ബി ആര്‍ സി പറഞ്ഞു. ഈ വര്‍ഷം മുതല്‍ വിലക്കയറ്റം മന്ദഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബി ആര്‍ സി യുടെ ചീഫ് എക്സിക്യൂട്ടീവ് ഹെലന്‍ സീക്കിന്‍സണ്‍ പറഞ്ഞു.എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വില കുറച്ചിട്ടും കുടുംബ ബജറ്റുകള്‍ താളം തെറ്റിയതായി ബി ആര്‍ സി യുമായി ചേര്‍ന്ന് ഷോപ്പ് വിലസൂചിക നിര്‍ണ്ണയിക്കുന്ന നീല്‍സെന്‍ഐക്യു, -ല്‍ നിന്നുള്ള മൈക്ക് വാറ്റ് കിന്‍സ് പറഞ്ഞു. യുകെയില്‍ ആഗസ്റ്റ് വരെയുള്ള പണപ്പെരുപ്പ നിരക്ക് 6.7% ആയി കുറഞ്ഞത് പാല്‍, ചീസ്, പച്ചക്കറി എന്നിവയുടെ വിലയിടിവിന് സഹായിച്ചതായാണ് കണക്കുകൂട്ടുന്നത്. പണപ്പെരുപ്പത്തിലെ കുറവാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ കഴിഞ്ഞ മാസം നടന്ന യോഗത്തില്‍ യുകെയിലെ പലിശ നിരക്കില്‍ വര്‍ധന ഒഴിവാക്കാന്‍ സഹായിച്ചത്.