ആദ്യം ആവശ്യപ്പെട്ടത് 20 കോടി; ശനിയാഴ്ച 200 കോടി ആവശ്യപ്പെട്ട് വീണ്ടും ഇമെയിൽ; ഇത്തവണ 400 കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാത ഇമെയിൽ സന്ദേശം; മുകേഷ് അംബാനിക്ക് നാല് ദിവസത്തിനിടെ മൂന്നാമത്തെ വധഭീഷണി



 മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. ഇത്തവണ 400 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടാണ് അജ്ഞാത ഇമെയിൽ സന്ദേശം. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിക്ക് നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി ഇ-മെയിലാണിത്. ഇത്തവണ ലഭിച്ചതും കഴിഞ്ഞ നാല് ദിവസമായി അയച്ച ഭീഷണികളുടെ ഭാഗമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.


റിലയൻസ് ഇൻഡസ്ട്രീസിന്റെ കോടീശ്വരനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് നേരത്തെ ലഭിച്ച വധഭീഷണി മെയിലിൽ ആവശ്യപ്പെട്ട തുക 200 കോടിയായിരുന്നു. നേരത്തെ അയച്ച മെയിലുകളോട് പ്രതികരിക്കാത്തതിനാൽ മോചനദ്രവ്യം 400 കോടി രൂപയായി ഉയർത്തിയതയാണെന്ന് മെയിലിൽ പറഞ്ഞതായി മിറർ നൗ റിപ്പോർട്ട് ചെയ്തു.


കഴിഞ്ഞ വെള്ളിയാഴ്ച അജ്ഞാതനായ ഒരാളിൽ നിന്ന് 20 കോടി രൂപ ആവശ്യപ്പെട്ട് മുകേഷ് അംബാനിക്ക് വധഭീഷണി ഇമെയിൽ ലഭിച്ചിരുന്നു. തുടർന്ന് മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ ഗാംദേവി പൊലീസ് സ്റ്റേഷനിൽ നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വീണ്ടും ശനിയാഴ്ച 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇമെയിൽ ലഭിച്ചു. തിങ്കളാഴ്ച, കമ്പനിക്ക് മൂന്നാമത്തെ ഇമെയിൽ ലഭിച്ചു


ഇമെയിൽ അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ചും സൈബർ ടീമുകളും സജീവമായി ഇടപെടുന്നുണ്ടെന്നുമാണ് പൊലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.


മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി മെയിലുകൾ അയച്ച വ്യക്തിയെ, ബിഹാറിലെ ദർഭംഗയിൽ നിന്ന് കഴിഞ്ഞ വർഷം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ തകർക്കുമെന്നും അന്ന് പ്രതികൾ ഭീഷണി മുഴക്കിയിരുന്നു.

Previous Post Next Post