വിനോദസഞ്ചാരമേഖലയിലേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കുക; കോട്ടയം ജില്ലയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ പെയ്തത് 20 മിമീ മഴ



കോട്ടയം: കാലം തെറ്റിയെത്തിയ മഴ കനത്തതോടെ കോട്ടയം ജില്ല കെടുതിയിലേക്ക്. ശനിയാഴ്ച പകല്‍ 12 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ജില്ലയില്‍ 20 മില്ലിമീറ്റര്‍ മഴ പെയ്തു. രാപ്പകല്‍ പെയ്യുന്ന മഴയില്‍ കിഴക്കന്‍മേഖല കടുത്ത ആശങ്കയിലാണ്. ഉരുള്‍പൊട്ടലിനും മിന്നല്‍പ്രളയത്തിനും സാധ്യതയേറി.കോട്ടയം - കുമളി ദേശീയപാതയില്‍ ശനിയാഴ്ച മരം വീണ് ഗതാഗതം തടസപ്പെട്ടു. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ കുട്ടനാടന്‍ മേഖലയില്‍ മട വീഴ്ച ഉണ്ടാകും. ഇന്നും നാളെയും കനത്ത മഴ തുടരും. ന്യൂനമര്‍ദത്തിന് പിന്നാലെ മേഘസ്‌ഫോടനത്തിനുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.തുടര്‍ച്ചയായി രണ്ടാംദിവസവും മഴ ശക്തിപ്പെട്ടതോടെ ജില്ലയില്‍ ജാഗ്രത ശക്തമാക്കി. പടിഞ്ഞാറൻ മേഖല വെള്ളക്കപ്പൊക്ക ഭീഷണിയിലും മലയോര മേഖല മണ്ണിടിച്ചില്‍ ഭീഷണിയിലുമാണ്. ഒപ്പം ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന ആശങ്കയിലുമാണ് ജനം. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ പാടശേഖരങ്ങളും തോടുകളും ആറുകളും കരകവിഞ്ഞ് ഒഴുകുകയാണ്. വെള്ളിയാഴ്ച ആരംഭിച്ച മഴ ഇന്നലെയും തിമിര്‍ത്തു പെയ്യുകയാണ്. കനത്ത മഴ മുൻനിര്‍ത്തി വാഗമണ്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്രക്കാര്‍ക്ക് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കിഴക്കൻ മലയോര മേഖലയില്‍ മഴ പെയ്താല്‍ മലവെള്ളപാച്ചിലിനും സാധ്യത ഏറെയാണ്. കഴിഞ്ഞദിവസം തീക്കോയി, തലനാട് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു.ഇന്ന് ഉച്ചവരെ ശക്തമായി മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കാലവര്‍ഷത്തിന് സമാനമായ മഴയാണ് ലഭിക്കുന്നത്. എങ്കിലും ഇന്നലെ വരെയുള്ള മഴയാണ് കാലവര്‍ഷ കണക്കില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. ഇത് പ്രകാരം കാലവര്‍ഷം 40 ശതമാനം കുറവാണ്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള 1897 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ കിട്ടിയത് 1129.1 മില്ലീ മീറ്ററാണ്.


മീനച്ചില്‍, മണിമല, മൂവാറ്റുപുഴയാറുകളില്‍ ജലനിരപ്പ് ഉയരുകയാണ്. പലയിടങ്ങളിലും അപകടനിരപ്പിലേക്ക് നീങ്ങുകയാണ്. മഴ തുടര്‍ന്നാല്‍ ഇന്ന് മിക്ക സ്ഥലങ്ങളിലും വെള്ളം കയറും. പടിഞ്ഞാറൻ പ്രദേശങ്ങളിലെ തോടുകളിലും വെള്ളം ഉയരുകയാണ്. താഴ്ന്ന പാടങ്ങളിലും വെള്ളം കയറി. കിഴക്കൻ വെള്ളത്തിന്‍റെ വരവ് വര്‍ദ്ധിച്ചാല്‍ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുള്ളതായി പടിഞ്ഞാറൻ നിവാസികള്‍ പറഞ്ഞു. ഇത് മുന്നില്‍ക്കണ്ട് തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ഇവര്‍.
കിഴക്കൻ മേഖലകളിലെ കൈത്തോടുകള്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്. റബ്ബര്‍ തോട്ടങ്ങളിലടക്കം വെള്ളം കയറി. മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയപാത 183 ല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പെരുവന്താനം മുതല്‍ കുട്ടിക്കാനം വരെയുള്ള ഭാഗത്താണ് ഭീഷണി. പലയിടത്തും ചെറിയ തോതില്‍ മണ്ണിടിഞ്ഞ് തുടങ്ങിയിട്ടുണ്ട്. രാത്രികാല യാത്ര ഒഴിവാക്കുകയാണ് പലരും.
Previous Post Next Post