ഗവിയിൽനിന്ന് രാജവെമ്പാല കാറിൽ കയറി, കുടുംബത്തിനൊപ്പം 200 കിലോമീറ്റർ യാത്ര; പിടികൂടിയത് ഒന്നര ദിവസത്തിനുശേഷം



കൊല്ലം: ഗവിയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാറിൽ കയറിക്കൂടി രാജവെമ്പാല. കൊല്ലം ആനയടി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മനുരാജും കുടുംബവും സഞ്ചരിച്ച കാറിൻ്റെ ബോണറ്റിലാണ് ഉഗ്രവിഷമുള്ള രാജവെമ്പാല കയറിയത്. ഒന്നര ദിവസം കാറിൽ ഇരിപ്പുറപ്പിച്ച രാജവെമ്പാലയെ വാവ സുരേഷ് എത്തി പിടികൂടി. കാറിന്റെ മുൻഭാഗം തകർത്താണ് പാമ്പിനെ പിടികൂടിയത്.ഞായറാഴ്ചയാണ് കുടുംബം ഗവി സന്ദർശിക്കാനായി പോയത്. ഇവിടെനിന്ന് കയറിയ രാജവെമ്പാല തിങ്കളാഴ്ച മുഴുവനും കാറിൽ തുടർന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് പാമ്പിനെ പിടികൂടിയത്. ആറടിയോളം നീളമുള്ള പാമ്പ് ടയറിന്റെ മുകളിലുള്ള പ്ലാസ്റ്റിക്കിന്റെയും ബോഡിയുടെയും ഗ്യാപ്പിലായിരുന്നു ഇരിപ്പുറപ്പിച്ചത്.പാമ്പിനെ എടുക്കാൻ പറ്റിയ അവസ്ഥയിൽ അല്ലായിരുന്നുവെന്നും ഏറെ നേരത്തെ പരിശ്രമത്തിലൂടെയാണ് പുലർച്ചെ മൂന്നരയോടെ പിടികൂടാനായതെന്നും മനുരാജ് 'കേരളത്തിലെ പാമ്പുകൾ' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ബോണറ്റിൽ പത്തിവിടർത്തിനിൽക്കുന്ന പാമ്പിൻ്റെ ചിത്രങ്ങളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.പാമ്പ് കയറിയോയെന്ന സംശയം പ്രകടിപ്പിച്ചായിരുന്നു ആദ്യം മനുരാജ് ഗ്രൂപ്പിൽ പോസ്റ്റ് പങ്കുവെച്ചത്. ഗവിയിൽനിന്ന് ചിത്രം പകർത്തുന്നതിനിടെ കാറിൻ്റെ അടിയിലേക്ക് പാമ്പ് ഇഴഞ്ഞുകയറിപ്പോകുന്നത് ശ്രദ്ധയിൽപെട്ടുവെന്നും തിരിച്ചുപോകുന്നത് കണ്ടില്ലെന്നുമായിരുന്നു മനുരാജിൻ്റെ കുറിപ്പ്. മൂഴിയാറിൽ വാഹനം നിർത്തിയപ്പോൾ മണം പിടിച്ചുവന്ന നായ പേടിച്ചുമാറി നിന്നുവെന്നും സമാനമായി വീട്ടിലെ നായയും പെരുമാറിയെന്നും അദ്ദേഹം കുറിച്ചിരുന്നു. പാമ്പ് കാറിൻ്റെ അടിയിൽ കയറാൻ സാധ്യതയുണ്ടോ എന്നു ചോദിച്ചായിരുന്നു ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ്. 200 കിലോമീറ്ററിൽ കൂടുതൽ വാഹനം ഓടിയിരുന്നുവെന്നും അതിനാൽ നല്ല ചൂട് ഉണ്ടായിരുന്നുവെന്നും ഈ സാഹചര്യത്തിൽ പാമ്പ് കയറിക്കൂടാൻ സാധ്യതയുണ്ടോയെന്നുമായിരുന്നു മനുരാജിൻ്റെ സംശയം.വീട്ടിലെത്തിയശേഷം വാഹനത്തിൻ്റെ ചുറ്റം നടന്ന വളർത്തുനായ അസ്വാഭ്വാവികമായി കുരയ്ക്കാൻ തുടങ്ങിയതോടെയാണ് മനുരാജിന് സംശയം ശക്തമായത്. തുടർന്ന് വാവ സുരേഷുമായി ബന്ധപ്പെട്ട് വാഹനത്തിൻ്റെ ബോണറ്റിൻ്റെ വീഡിയോ അയച്ചുനൽകി. ഇതോടെ പാമ്പുണ്ടെന്ന് വാവ സുരേഷ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ വാവ സുരേഷ് വീട്ടിലെത്തുകയും നീണ്ട ശ്രമത്തിനൊടുവിൽ ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ പാമ്പിനെ പിടികൂടുകയുമായിരുന്നു. പാമ്പിനെ പിടിക്കാനായി കാർ കുത്തിപ്പൊളിക്കേണ്ടിവന്നതിനാൽ ഇനി ഇതിനുള്ള തുകയും കണ്ടത്തേണ്ട അവസ്ഥയാണ്.

Previous Post Next Post