കൈക്കൂലി വാങ്ങുന്നതിനിടെ ചാടിവീണ് വിജിലൻസ്; കുടുങ്ങിയത് റവന്യു ഇൻസ്‌പെക്ടർ; ഓണർഷിപ്പ് മാറ്റത്തിന് ചോദിച്ചത് 2,000 രൂപ



തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയിൽ റവന്യൂ ഇൻസ്‌പെക്ടർ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്തിന് സമീപം പ്രവർത്തിക്കുന്ന കോർപറേഷനിലെ ആറ്റിപ്ര സോണൽ ഓഫീസ് റവന്യൂ ഇൻസ്‌പെക്ടർ അരുൺ കുമാർ എസ് ആണ് പിടിയിലായത്. കെട്ടിടത്തിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് വേണ്ടി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് ഇയാളെ വലയിലാക്കിയത്.കരിമണിൽ പുതുതായി വാങ്ങിയ ഫ്ലാറ്റിന്റെ ഓണർഷിപ്പ് മാറുന്നതിന് വേണ്ടി വട്ടിയൂർകാവ് സ്വദേശിയിൽനിന്ന് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അരുൺ കുമാർ പിടിയിലായത്. പല തവണ ഓണർഷിപ്പ് മാറുന്നതുമായി ബന്ധപ്പെട്ട് റവന്യൂ ഇൻസ്‌പെക്ടറെ ഫ്ലാറ്റ് ഉടമ നേരിൽ കണ്ടിട്ടും ഇതിനുള്ള നടപടി സ്വീകരിക്കാൻ അറസ്റ്റിലായ ഉദ്യോഗസ്ഥൻ തയ്യാറായില്ല. തുടർന്ന് ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് കെട്ടിട ഉടമ വിജിലൻസിനെ വിവരം അറിയിച്ച ശേഷം ഉദ്യോഗസ്ഥന് പണം നൽകിയത്.തിരുവനന്തപുരം നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫീസിൽ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിൽ നേരത്തെ തന്നെ നിരവധി പേർ പരാതിപ്പെട്ടിരിന്നു. കഴക്കൂട്ടം സോണൽ ഓഫീസിലും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി വ്യാപക പരാതിയുണ്ട്. തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ പിടികൂടിയത്.ഇൻസ്‌പെക്ടർമാരായ സനൽ കുമാർ, അനിൽ കുമാർ, എസ്ഐമാരായ അജിത് കുമാർ, സഞ്ജയ്, എഎസ്ഐ അനിൽ, എസ്‍സിപിഒമാരായ ഹാഷിം, അരുൺ, അനീഷ്, പ്രമോദ്, കിരൺ, അനൂപ് ജാസിം ആനന്ദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Previous Post Next Post