യു .കെ:- ലൂട്ടണ്‍ എയര്‍പോര്‍ട്ട് തീപിടുത്തം; പ്രതിസന്ധി ദിവസങ്ങള്‍ നീണ്ടുനില്‍ക്കും; നശിച്ചത് 20 മില്ല്യണ്‍ പൗണ്ടിന്റെ ബഹുനില കാര്‍ പാര്‍ക്ക്



യു .കെ:- ലുട്ടന്‍ എയര്‍പോര്‍ട്ടില്‍ ഉണ്ടായ വന്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി ഒതുങ്ങാന്‍ ദിവസങ്ങള്‍ വേണ്ടിവരും. കനത്ത തീപിടുത്തത്തില്‍ പുതുതായി നിര്‍മ്മിച്ച 20 മില്ല്യണ്‍ പൗണ്ടിന്റെ ബഹുനില കാര്‍ പാര്‍ക്കിംഗ് കത്തി ചാമ്പലായി. സംഭവത്തെ തുടര്‍ന്ന് ഇവിടെ നിന്നുള്ള വിമാനങ്ങള്‍ കൂട്ടമായി റദ്ദാക്കേണ്ടി വന്നിരുന്നു.


നൂറിലേറെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ 12 മണിക്കൂറിലേറെ യത്‌നിച്ച ശേഷമാണ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 2 കാര്‍ പാര്‍ക്കിലെ തീ കെടുത്താന്‍ കഴിഞ്ഞത്. 20 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് നിര്‍മ്മിച്ച കാര്‍ പാര്‍ക്കിലെ അഗ്നി ഇന്നലെ രാത്രി 9 മണിയോടെയാണ് ശമിച്ചത്. ഒരു റേഞ്ച് റോവര്‍ കാറിലെ ഇലക്ട്രിക് പിശകോ, ഫ്യുവല്‍ ലൈന്‍ ലീക്കോ ആണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

ഈ കാറില്‍ നിന്നും അടുത്തുള്ള നിരവധി ഇലക്ട്രിക് വാഹനങ്ങളിലേക്കും തീ ആളിപ്പടര്‍ന്നു. കാര്‍ പാര്‍ക്കിലുണ്ടായിരുന്ന 1500 വാഹനങ്ങള്‍ നശിച്ചതായാണ് ആശങ്ക. 1900 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്ന ബഹുനില കാര്‍ പാര്‍ക്കും തകര്‍ന്നു. ഉച്ചതിരിഞ്ഞ് 3 മണിയോടെ എയര്‍പോര്‍ട്ട് സര്‍വ്വീസ് പുനരാരംഭിച്ചെങ്കിലും 140 വിമാന സര്‍വ്വീസുകള്‍ റദ്ദായിരുന്നു. 50,000 യാത്രക്കാരെയാണ് ഇത് കുഴപ്പത്തിലാക്കിയത്.

സര്‍വ്വീസുകള്‍ പുനരാരംഭിച്ചെങ്കിലും ഭൂരിഭാഗവും വൈകിയാണ് യാത്ര നടത്തുന്നത്. വരും ദിവസങ്ങളിലും പ്രതിസന്ധി അവശേഷിക്കുമെന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍ പറയുന്നു. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് റേഞ്ച് റോവറിന് തീപിടിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. അതേസമയം 2019-ല്‍ തുറന്ന കാര്‍ പാര്‍ക്കില്‍ സ്പ്രിംഗ്ലര്‍ പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഉണ്ടായില്ലെന്നത് കനത്ത വീഴ്ചയാണ്.

വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നൂറ് കണക്കിന് യാത്രക്കാരാണ് ലുട്ടന്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. ഹീത്രു, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍, സ്റ്റാന്‍സ്‌റ്റെഡ് എന്നീ വിമാനത്താവളങ്ങള്‍ കഴിഞ്ഞാല്‍ ലുട്ടന്‍ ആണ് യുകെയിലെ ഏറ്റവും വലിയ അഞ്ചാമത്തെ എയര്‍പോര്‍ട്ട്. ഈ വിമാനത്താവളത്തിലൂടെ കഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ കടന്ന് പോയത് 13 മില്യണിലധികം യാത്രക്കാരായിരുന്നു.

Previous Post Next Post