യുഎസിനെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്; 22 മരണം, 80 പേർക്ക് പരിക്ക്

 


വാഷിങ്ടണ്‍: യുഎസിലെ ലെവിസ്റ്റണിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു. ഒന്നിലേറെ സ്ഥലത്ത് വെടിവെയ്പ്പ് ഉണ്ടായെന്നാണ് റിപ്പോർട്ട്. പൊതുജനങ്ങള്‍ക്ക് പോലീസ് ജാഗ്രതാനിര്‍ദേശം നല്‍കി. പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ടാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിന് പിന്നിൽ ആരാണെന്നോ ഭീകരവാദ ബന്ധമുണ്ടോയെന്നും വ്യക്തമല്ല.ലെവിസ്റ്റണിലെ കായിക കേന്ദ്രത്തിൽ ഒരു ബോളിങ് അലിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായതെന്നാണ് റിപ്പോർട്ട്. ഇതിനു പിന്നാലെ ഒരു ബാറിലും വാൾമാർട്ട് വിതരണ കേന്ദ്രത്തിലും വെടിവയ്പ്പുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.പ്രതികളില്‍ ഒരാളുടേതെന്ന് സംശയിക്കുന്ന ഫോട്ടോ ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫ് ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ഷർട്ടും ജീൻസും ധരിച്ച് റൈഫിൾ പിടിച്ച് നില്‍ക്കുന്ന വ്യക്തിയുടെ ചിത്രങ്ങളാണ് പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആളെ തിരിച്ചറിയുന്നവർ വിവരം അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.അക്രമികളെ പിടികൂടാത്തതിനാലാണ് ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും പോലീസ് നിര്‍ദേശം നല്‍കിയത്. അക്രമികൾക്കായി തെരച്ചില്‍ തുടരുകയാണ്. വെടിവെയ്പ്പുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.


കഴിഞ്ഞവർഷം മെയ് മാസത്തില്‍ ടെക്‌സാസിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ കുട്ടികളും അധ്യാപകരുമടക്കം 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷവും ചെറിയ രീതിയിലുള്ള അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Previous Post Next Post