ചാരവും ഓറഞ്ചും കലർന്ന നിറം; 22 കോച്ചുകൾ; വന്ദേ ഭാരതിന് പിന്നാലെ ഇതാ വരുന്നൂ പുഷ് പുൾ; സർവ്വീസ് ഈ മാസം മുതൽ



ചെന്നൈ : വന്ദേഭാരതിന് സമാനമായ പുഷ് പുൾ തീവണ്ടികൾ രംഗത്ത് ഇറക്കാൻ ഇന്ത്യൻ റെയിൽവേ. പുതിയ തീവണ്ടികൾ ഈ മാസം മുതൽ സർവ്വീസ് ആരംഭിക്കുമെന്നാണ് വിവരം. നിലവിൽ സർവ്വീസ് നടത്തുന്ന വന്ദേഭാരത് തീവണ്ടികൾക്ക് വലിയ പ്രീതിയാണ് യാത്രികരിൽ നിന്നും ലഭിക്കുന്നത്. ഇതേ തുടർന്നാണ് അതേ സവിശേഷതകളുള്ള ചെറു തീവണ്ടി സർവ്വീസുകൾ ആരംഭിക്കാൻ റെയിൽവേ തീരുമാനിച്ചത്.


പ്രകടനത്തിൽ വന്ദേഭാരത് തീവണ്ടികൾക്ക് സമാനമാണെങ്കിലും രൂപം കൊണ്ട് പുതിയ പുഷ് പുൾ ട്രെയിനുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. പൂർണമായും നോൺ എസി കോച്ചുകൾ ആയിരിക്കും ഈ തീവണ്ടിയിൽ ഉണ്ടായിരിക്കുക. ഇരു ഭാഗത്തും എൻജിനുകൾ ഉണ്ടായിരിക്കും. ഇത് ട്രെയിനിന് പെട്ടെന്ന് വേഗമാർജ്ജിക്കാനും നിർത്താനും സഹായിക്കും. 22 കോച്ചുകൾ ആയിരിക്കും ഉണ്ടാകുക. സാധാ തീവണ്ടികളുടെ അതേ നിരക്കായിരിക്കും ഈ തീവണ്ടികൾക്കും. എട്ട് ജനറൽ കോച്ചുകളും 12 സ്ലീപ്പർ കോച്ചുകളും ആയിരിക്കും ഇതിൽ ഉണ്ടാകുക.


ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ആകും തീവണ്ടികളുടെ നിർമ്മാണം. ചാരവും ഓറഞ്ചും നിറത്തിലുള്ള തീവണ്ടികളുടെ പേര് ഉടൻ തീരുമാനിക്കും. വന്ദേ ഭാരതിനു സമാനമായി എൽഎച്ച്ബി കോച്ചുകൾ അടിസ്ഥാനമാക്കിയാകും പുഷ് പുൾ ട്രെയിനിന്റെയും നിർമാണം. 130 കിലോമീറ്റർ ആയിരിക്കും തീവണ്ടിയുടെ പരമാവധി വേഗത. ട്രാക്കുകൾ പര്യാപ്തമല്ലാത്തതിനാൽ വേഗതയിൽ കുറവുണ്ടാകും. വായൂഘർഷണം കുറയ്ക്കാനായി എൻജിനുകൾ എയ്‌റോഡൈനാമിക് രീതിയിലാണ് ട്രെയിനുകളിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സെമി- പെർമനന്റ് കപ്ലറുകൾ ഉപയോഗിച്ചാകും കോച്ചുകൾ ബന്ധിപ്പിക്കുക. ഇതിനൊപ്പം കോച്ചുകൾക്കിടയിൽ സീൽ ചെയ്ത ഗാംഗ് വേ കൂടി ഉണ്ടാകും. ഇതോടെ അധിക ശബ്ദം ഒഴിവാകും. ഒരേ സമയം 1834 പേർക്ക് സഞ്ചരിക്കാനുള്ള സൗകര്യം പുതിയ തീവണ്ടികളിൽ ഉണ്ടാകും.

വലിയ സുരക്ഷയും യാത്രികർക്കായി ഒരുക്കുന്നുണ്ട്. എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ ഉണ്ടാകും. ലോക്കോ പൈലറ്റിന് നിയന്ത്രിക്കാവുന്ന വാതിലുകൾ ആയിരിക്കും ഉണ്ടാകുക. ഇതിന് പുറമേ സ്റ്റോപ്പുകൾ പ്രദർശിപ്പിക്കുന്ന സ്‌ക്രീനുകൾ, ബയോവാക്വം ടോയ്‌ലെറ്റുകൾ, മൊബൈൽ ചാർജിംഗ് പോർട്ടുകൾ എന്നിവയും ഉണ്ടാകും.

ആരംഭ ഘട്ടത്തിൽ രണ്ട് പുഷ് പുൾ തീവണ്ടികളാണ് സർവ്വീസ് നടത്തുക. ഇതിന് ശേഷം കൂടുതൽ തീവണ്ടികളുടെ സർവ്വീസുകൾ കൂടി ആരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം.
Previous Post Next Post