ബ്രിട്ടീഷ് കുടിയേറ്റം മാത്രം ലക്ഷ്യമിടുന്ന വ്യാജ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തടയിടണമെന്ന് മുന്‍ യൂണിവേഴ്സിറ്റി മന്ത്രി; ഇന്ത്യക്കാരായ 25 ശതമാനം പേരും പാതിവഴിയില്‍ പഠനം നിര്‍ത്തുന്നു; വിദേശ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടന് നല്‍കുന്നത് 42 ബില്യണ്‍ പൗണ്ട് വരുമാനം



 വിദ്യാഭ്യാസത്തിന്റെ മറവില്‍ കുടിയേറ്റം വര്‍ദ്ധിക്കുന്നതായി മുന്‍ മന്ത്രി ലോര്‍ഡ് ജോ ജോണ്‍സണ്‍. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന വ്യാജ അപേക്ഷകള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസരംഗം രാഷ്ട്രീയ സഹനത്തിന്റെ പരിധിയില്‍ എത്തിയിരിക്കുകയാണെന്നും കോഴ്‌സുകള്‍ ഇടക്ക് വെച്ച് നിര്‍ത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം എക്കാലത്തേക്കാളും വര്‍ദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്ന കാലം കഴിഞ്ഞു എന്നും യൂണിവേഴ്‌സിറ്റീസ് യു കെ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് റിക്രൂട്ട്‌മെന്റ് സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 140 ല്‍ അധികം ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണിത്. തദ്ദേശവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ വിദ്യാഭ്യാസം നല്‍കാന്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളെ പ്രധാനമായും സഹായിക്കുന്നത് വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഉയര്‍ന്ന ഫീസാണ്.
പത്ത് വര്‍ഷം മുന്‍പ് വരെ യൂണിവേഴ്‌സിറ്റികളുടെ വരുമാനത്തില്‍ 10 ശതമാനം വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ഫീസ് ആയിരുന്നെങ്കില്‍ ഇന്നത് 20 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ബ്രിട്ടീഷ് സമ്പദ്ഘടനക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ 42 ബില്യണ്‍ പൗണ്ടിന്റെ സംഭാവന നല്‍കുന്നുണ്ടെങ്കിലും, ചില യൂണിവേഴ്‌സിറ്റികള്‍ വിദ്യാഭ്യാസമല്ല, കുടിയേറ്റമാണ് സാധ്യമാക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. അതുകൊണ്ടു തന്നെ വ്യാജ അപേക്ഷകള്‍ നിരസിക്കേണ്ടതുണ്ട്.
ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പഠനം പകുതിവഴിക്ക് നിര്‍ത്തുന്നത്. പകുതി വഴിക്ക് പഠനം നിര്‍ത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 25 ശതമാനമായി എന്നും ജോണ്‍സണ്‍ പറഞ്ഞു. ഇത് ബ്രിട്ടീഷ് വിദ്യാഭ്യാസ മേഖലയുടെ യശസ്സിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിതര കൊണ്ടുവരുന്നതിലടക്കം വിലക്ക് കല്‍പിച്ചു കൊണ്ട് കഴിഞ്ഞ മാസം ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍ സ്റ്റുഡന്റ് വിസ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു.അതേസമയം, പഠനം പൂര്‍ത്തിയാക്കിയതിനു ശേഷവും രണ്ട് വര്‍ഷക്കാലം വരെ ബ്രിട്ടനില്‍ തുടരാനും ജോലി ചെയ്യാനും വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കുന്ന ഗ്രാഡ്വേറ്റ് റൂട്ട് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടില്ല. വിസ നിയമത്തിലുണ്ടായ മാറ്റങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറച്ചിട്ടുണ്ട് എന്ന് സ്റ്റുഡന്റ് റിക്രൂട്ട്‌മെന്റ് സൈറ്റ് ആയ ഐ ഡി പി നടത്തിയ ഒരു സര്‍വ്വേയില്‍ തെളിഞ്ഞിരുന്നു.
Previous Post Next Post