‘ജിന്നിന്‍റെ സഹായത്തോടെ നിരോധിത നോട്ടുകള്‍ പുതിയതാക്കാമെന്ന് മന്ത്രവാദി’; 47 ലക്ഷത്തിന്‍റെ നോട്ടുകളുമായി ഒരാള്‍ പിടിയില്‍



ജിന്നിന്‍റെ സഹായത്തോടെ പഴയ നോട്ടുകള്‍ പുതിയതാക്കാമെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചു, 47 ലക്ഷത്തിന്‍റെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം നടക്കുന്നത്.സുല്‍ത്താന്‍ കരോസിയ എന്നയാളാണ് 500ന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളുമായി ഇറങ്ങിയത്. മൊറേന ജില്ലയിലെ ബറോഖർ സ്വദേശിയാണ് സുല്‍ത്താന്‍. നോട്ട് നിരോധനം ഏര്‍പ്പെടുത്തുന്നതിന് ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് യാദൃച്ഛികമായി മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് നോട്ടുകെട്ടുകള്‍ ലഭിച്ചതെന്ന് ഇയാൾ മൊഴി നല്‍കി.

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഗ്രാമങ്ങളില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചുള്ള നോട്ടുകളാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. സുല്‍ത്താനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്.ആരോടും പറയാതെ നോട്ടുകള്‍ വീട്ടില്‍ തന്നെ രഹസ്യമായി സൂക്ഷിച്ച് വരികയായിരുന്നു. അതിനിടെ ഒരു പരിചയക്കാരനാണ് ജിന്നിന്റെ സഹായത്തോടെ പഴയ നോട്ടുകള്‍ മാറ്റി പുതിയത് നല്‍കുന്ന മന്ത്രവാദിയുടെ കാര്യം പറഞ്ഞത്. മന്ത്രവാദിക്കു വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

ഇതില്‍ വിശ്വസിച്ച് ആയിരത്തിന്റെ 41 കെട്ടുകളും അഞ്ഞൂറിന്റെ 12 കെട്ടുകളുമാണ് തയ്യാറാക്കിയത്.പൊലീസിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് സുല്‍ത്താന്‍ കരോസിയ പിടിയിലായത്. സുല്‍ത്താന്‍ കരോസിയയുടെ കൂട്ടാളിയെയും പിടികൂടിയിട്ടുണ്ട്.

Previous Post Next Post