കരുവന്നൂർ സഹകരണ തട്ടിപ്പ്; 57.75 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി







കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണ ഇടപാട് കേസിൽ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ 117 വസ്തുവകകൾ ഇതിൽ ഉൾപ്പെടും

11 വാഹനങ്ങളും 92 ബാങ്ക് അക്കൗണ്ടുകളിലെ സ്ഥിരനിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്. സ്വത്തുക്കൾ വിറ്റഴിച്ച ശേഷം തുക തട്ടിപ്പിന് ഇരയായ നിക്ഷേപകർക്ക് ബാങ്ക് വഴി നൽകാനാണ് ഇഡിയുടെ തീരുമാനം.

അതേസമയം ഇതുവരെ 87.75 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അറിയിച്ചു.

കേസിൽ പി സതീഷ് കുമാർ, പി പി കിരൺ, പി ആർ അരവിന്ദാക്ഷൻ, സി കെ ജിൽസ് എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസിൽ സഹകരണ വകുപ്പ് രജിസ്ട്രാർ ടി വി സുഭാഷിനെ ഇ ഡി ചോദ്യം ചെയ്തു. കൊച്ചിയിലെ വ്യവസായി ദീപക് സത്യപാലനും ഇ ഡി ഓഫീസിലെത്തി രേഖകൾ ഹാജരാക്കിയിരുന്നു.

Previous Post Next Post