ലേലം വിളിച്ച കെ റെയിൽ വാഴക്കുലക്ക് കിട്ടിയത് 60,250 രൂപ



തൃശൂർ : കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമര സമിതി വിളവെടുത്ത വാഴക്കുലയ്ക്ക് ഇന്നലെ ലേലത്തിൽ കിട്ടിയത് 60,250 രൂപ. തൃശ്ശൂർ പാലക്കൽ സ്വദേശി ബാബുവിന്റെ പറമ്പിൽ നട്ട വാഴയാണ് കുലച്ചത്. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി വാഴകൾ നട്ടത്. സംസ്ഥാനത്ത് എൽഡിഎഫ് എംഎൽഎമാരുടെ എണ്ണത്തിന് തുല്യമായി 99 വാഴകളാണ് സമര സമിതി കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ടത്.

ഈ വാഴകളിലായിരുന്നു വിളവെടുപ്പ്. കുലകളുമായി പ്രതിഷേധ മാർച്ചും യോഗവും പാലയ്ക്കൽ സെന്ററിൽ നടന്നു.സെന്ററിൽ തന്നെയായിരുന്നു ലേലം വിളിയും നടന്നത്. ലേലം വിളിച്ച ഉടനെ തുക പ്രത്യേകം സജ്ജീകരിച്ച പെട്ടിയിൽ നിക്ഷേപിക്കുന്ന വിധത്തിലായിരുന്നു ലേല നടപടികൾ. കെ വി പ്രേമൻ എന്നയാളാണ് കുല വാങ്ങിയത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക ലഭിച്ച കെ റെയിൽ വാഴക്കുലയായി പാലയ്ക്കലി ലേത് മാറി. വാഴക്കുലയ്ക്ക് ലേലത്തിലൂടെ കിട്ടിയ തുക ചെങ്ങന്നൂരിലെ വയോധിക തങ്കമ്മയ്ക്ക് വീട് പണിയാൻ നൽകുമെന്ന് ബാബു അറിയിച്ചു. തങ്കമ്മയുടെ ചെറിയ വീടിനകത്ത് അടുപ്പിൽ കെ റെയിൽ കുറ്റി സ്ഥാപിച്ചത് വലിയ വിവാദമായിരുന്നു
Previous Post Next Post