രാജ്ഞിയെ വധിക്കാന്‍ ശ്രമം: യുകെയിൽ ഇന്ത്യന്‍ യുവാവിന് 9 വര്‍ഷം ജയില്‍ ശിക്ഷ



യുകെ: എലിസബത്ത് രാജ്ഞിയെ വധിക്കാനുള്ള പദ്ധതിയുമായി വിന്‍ഡ്സന്‍ കാസ്റ്റിലിന്‍ ഒരു ക്രോസ് ബോയുമായി അതിക്രമിച്ചു കടന്നഇരുപത്തൊന്നുകാരനായ ജസ്വന്ത്‌ സിംഗ് ചെയിലിന് രാജ്യദ്രോഹ കുറ്റം ആരോപിച്ച് ഒന്‍പത് വര്‍ഷം ജയില്‍ ശിക്ഷ. 2021 ഡിസംബറിലെ ക്രിസ്തുമസ് ദിനത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് ഗേന്‍ ഫ്രണ്ടായ സാറയുടെ പ്രേരണയും , അതോടൊപ്പം തന്നെ സ്റ്റാര്‍ വാര്‍ സിനിമകളുടെ കഥകളും മറ്റുമാണ് ഇത്തരമൊരു കുറ്റകൃത്യത്തിലേയ്ക്ക് ഇയാളെ പ്രേരിപ്പിച്ചത്.


മാനസികമായി അസ്വാസ്ഥ്യം അനുഭവിക്കുന്ന പ്രതിയെ നിലവില്‍ മാനസിക ആരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആവശ്യമായ ചികിത്സകള്‍ക്ക് ശേഷം പിന്നീട് കസ്റ്റഡിയില്‍ ഏല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സതാംപ്ടണിനടുത്തുള്ള നോര്‍ത്ത് ബാഡ്‌സ്‌ലിയില്‍ നിന്നുള്ള ജസ്വന്ത് സിംഗ് 1981ന് ശേഷം രാജ്യദ്രോഹ കുറ്റത്തിന് ജയിലില്‍ ആകുന്ന ആദ്യ വ്യക്തിയാണ്. അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതിന് മുന്‍പ് തന്നെ മറ്റുള്ളവരെ കൊല്ലുന്ന തരത്തിലുള്ള ചിന്തകള്‍ ഇയാള്‍ക്ക് ഉണ്ടായിരുന്നുവെന്ന് കേസില്‍ ശിക്ഷ വിധിച്ച ജസ്റ്റിസ് ഹില്യാര്‍ഡ് തല്‍സമയ ടിവി സംപ്രേഷണത്തിനിടെ പറഞ്ഞു. ഇയാളുടെ ഉദ്ദേശം രാജ്ഞിയെ പരിഭ്രാന്തയാക്കുകയായിരുന്നില്ല, മറിച്ച് കൊല്ലുകയായിരുന്നുവെന്നും ജഡ്ജി പറഞ്ഞു.

മുന്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ ഇയാള്‍, നൈലോണ്‍ കയര്‍ ഗോവണി ഉപയോഗിച്ച് കൊട്ടാരത്തിന്റെ ചുറ്റളവ് അളന്നതായും, പിന്നീട് രണ്ടുമണിക്കൂറോളം ഇയാള്‍ അവിടെ ഉണ്ടായിരുന്നതായുമാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിനുശേഷമാണ് പ്രതിയെ അധികൃതര്‍ അറസ്റ്റ് ചെയ്യുന്നത്. കാസ്റ്റിലിന്റെ ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് സ്നാപ്പ് ചാറ്റില്‍ ഇയാള്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, 1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ത്തപ്പോള്‍, മരിച്ചവരോടുള്ള പ്രതികാരമാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് ചെയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സിഖ് പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ നിന്നുള്ള ചെയില്‍, തങ്ങളുടെ വംശത്തിന്റെ പേരില്‍ അപമാനിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് തന്റെ പ്രവര്‍ത്തനങ്ങളെന്നും ആ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യദ്രോഹ കുറ്റ പ്രകാരമാണ് ഇപ്പോള്‍ ചെയിലിന് ശിക്ഷ വിധിച്ചിരിക്കുന്നത്.

Previous Post Next Post