തിരുവനന്തപുരം : സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. അനിൽകുമാറിന്റെ തട്ടം പരാമർശം വിവാദത്തിനെതിരെ സിപിഎം സ്വീകരിച്ച നിലപാടിനെയാണ് സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചത്. കെ ടി ജലീലും റിയാസും ആരിഫും ഷംസീറുമെല്ലാമാണ് സിപിഎമ്മിന്റെ നിലപാട് തീരുമാനിക്കുന്നത്, അവരുടെ തീരുമാനത്തിന്റെ വഴിയെ പോകുന്നത് മാത്രമാണ് ഗോവിന്ദന്റെ ജോലിയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് സുരേന്ദ്രൻ സിപിഎമ്മിനെതിരെ വിമർശനമുന്നയിച്ചത്.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ സിപിഎമ്മിന്റെ ഇടപെടൽ അവർക്ക് നവോത്ഥാനം ആയിരുന്നു. മീശ നോവലിൽ ഹിന്ദു സ്ത്രീകളെ ആക്ഷേപിച്ചപ്പോൾ അത് ആവിഷ്കാര സ്വാതന്ത്ര്യം ആയിരുന്നു. ഗണപതി മിത്താണ്, ബഹുദൈവ വിശ്വാസം മോശമാണ് എന്നിങ്ങനെ എല്ലാമാണ് സിപിഎമ്മിന്റെ നിലപാട്. എന്നാൽ മുത്തലാഖ് പോലെയുള്ളവ അവർക്ക് വിശ്വാസത്തിന്റെ ഭാഗമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.