ശബരിമല വേർച്ചൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി ടിക്കറ്റും; സോഫ്റ്റ് വെയറിൽ ഇതിനായുള്ള സൗകര്യം ഒരുങ്ങി, ഇനി എല്ലാം ഒരു കുടക്കീഴിൽ‌



 പത്തനംതിട്ട: ശബരിമല ദർശനത്തിന് വേർച്ചൽ ക്യൂ വഴി ബുക്ക് ചെയ്യുന്നതിനൊപ്പം കെഎസ്ആർടിസി ടിക്കറ്റും ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുങ്ങി. ഇതോടെ ദർശനത്തിന് അനുമതി ലഭിക്കുമ്പോൾ തന്നെ ബസിൽ യാത്രക്കുള്ള ടിക്കറ്റും എടുക്കാൻ കഴിയും. വേർച്ചൽ ക്യൂ ബുക്കിങ് സോഫ്റ്റ് വെയറിൽ ഇതിനായുള്ള സൗകര്യവും ഒരുക്കി. ഇതോടെ കൃത്യ സമയത്തുതന്നെ പമ്പയിലേക്ക് എത്താനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്താൻ കഴിയും.ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലയളവില്‍ കെഎസ്ആര്‍ടിസി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അധിക സര്‍വീസുകള്‍ നടത്തും. തിരക്കിനനുസൃതമായി മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഡിസംബര്‍ അഞ്ചു വരെയുള്ള ആദ്യഘട്ടത്തില്‍ 140 ലോ ഫ്ളോര്‍ നോണ്‍ എസി, 60 വോള്‍വോ ലോ ഫ്ളോര്‍ എസി, 15 ഡീലക്സ്, 245 സൂപ്പര്‍ഫാസ്റ്റ് - ഫാസ്റ്റ് പാസഞ്ചര്‍, 10 സൂപ്പര്‍ എക്സ്പ്രസ് , മൂന്നു ഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 473 ബസുകളും ഡിസംബര്‍ ആറു മുതലുള്ളരണ്ടാംഘട്ടത്തില്‍ 140 നോണ്‍ എ സി ലോ ഫ്ളോര്‍ , 60 വോള്‍വോ എ സി ലോ ഫ്ളോര്‍ , 285 ഫാസ്റ്റ് പാസഞ്ചര്‍ - സൂപ്പര്‍ ഫാസ്റ്റ്, 10 സൂപ്പര്‍ എക്സ്പ്രസ്, 15 ഡിലക്സ്, മൂന്നു ഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 513 ബസുകളും സര്‍വീസ് നടത്തും.മകരവിളക്ക് കാലഘട്ടത്തില്‍ വിവിധ ഇനത്തിലുള്ള 800 ബസുകള്‍ സര്‍വീസിനായി വിനിയോഗിക്കും. ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലഘട്ടത്തില്‍ 14 സ്പെഷ്യല്‍ സര്‍വീസ് സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, ചെങ്ങന്നൂര്‍, കൊട്ടാരക്കര, പമ്പ, പുനലൂര്‍, അടൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് സ്പെഷ്യല്‍ സര്‍വീസ് സെന്ററുകള്‍. കേരളത്തിലെ എല്ലാ പ്രധാന സെന്ററുകളില്‍ നിന്നും ഡിമാന്‍ഡ് അനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിക്കും.40-ല്‍ കൂടുതല്‍ യാത്രക്കാര്‍ ഗ്രൂപ്പായി ബുക്ക് ചെയ്താല്‍ ഏത് സ്ഥലത്തുനിന്നും യാത്രക്കാരെ പിക്കപ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. പമ്പ - നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകള്‍ സമയബന്ധിതമായി അയ്യപ്പഭക്തര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്രമീകരിക്കും. അയ്യപ്പ ദര്‍ശനം കഴിഞ്ഞ് വരുന്ന ഭക്തര്‍ക്ക് പമ്പയിലെ യൂ-ടേണ്‍ ഭാഗത്ത് മൂന്ന് ബസ് ബേ ക്രമീകരിച്ച് 10 ബസുകള്‍ വീതം തയ്യാറാക്കി നിര്‍ത്തും. ശബരിമല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ കൂടുതല്‍ ബസുകള്‍ അറ്റകുറ്റപണികള്‍ തീര്‍ത്ത് സര്‍വീസിന് സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.


Previous Post Next Post