കോട്ടയം : കോട്ടയം വള്ളംകളിയുടെ ആരവത്തിലേക്ക്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് താഴത്തങ്ങാടി ചെറുവള്ളങ്ങളുടെയും ചുണ്ടൻ വള്ളങ്ങളുടെയും വാശിയേറിയ മത്സരങ്ങൾക്ക് വേദിയാകും.
മീനച്ചിലാറിൻ്റെ ഓളപ്പരപ്പിൽ താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗിൽ മാറ്റുരയ്ക്കുന്നത് പുന്നമടയെ ആവേശക്കൊടുമുടിയിൽ എത്തിച്ച ഒമ്പതു ചുണ്ടൻ വള്ളങ്ങൾ.
നെഹ്‌റുട്രോഫി ജലോത്സവത്തിൽ ആദ്യലീഡ് നേടിയ ചുണ്ടനുകളാണ് മത്സരിക്കുക. നടുഭാഗം (ബോട്ട് ക്ലബ്: യു.ബി.സി. കൈനകരി), സെന്റ് പയസ് ടെൻത് (നിരണം ബോട്ട് ക്ലബ്), വീയപുരം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), മഹാദേവികാട്ടിൽ തെക്കേതിൽ(പൊലീസ് ബോട്ട് ക്ലബ്), നിരണം (കുമരകം എൻ.സി.ഡി.സി. ബോട്ട് ക്ലബ്), ചമ്പക്കുളം(കുമരകം ടൗൺ ബോട്ട് ക്ലബ്), പായിപ്പാടൻ (കുമരകം ബോട്ട് ക്ലബ് ആൻഡ് എസ്.എഫ്.ബി.സി.), കാരിച്ചാൽ (പുന്നമട ബോട്ട് ക്ലബ്), ആയാപറമ്പ് പാണ്ടി (വേമ്പനാട് ബോട്ട് ക്ലബ്) എന്നീ ചുണ്ടനുകളാണ് താഴത്തങ്ങാടി സി.ബി.എല്ലിൽ പങ്കെടുക്കുന്നത്.
ശനിയാഴ്ച (ഒക്‌ടോബർ 7) ഉച്ചകഴിഞ്ഞ് രണ്ടുമണി മുതലാണ് മത്സരങ്ങൾ.
ഒന്നാംസ്ഥാനത്തെത്തുന്നവർക്ക് അഞ്ചു ലക്ഷവും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം മൂന്ന്, ഒരു ലക്ഷം രൂപയുമാണ് സമ്മാനം ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ചുണ്ടൻ വള്ളങ്ങൾക്കും നാലു ലക്ഷം രൂപ വീതം ബോണസ് ലഭിക്കും.
സി.ബി.എല്ലിനൊപ്പം താഴത്തങ്ങാടി വള്ളംകളിയുടെ ഭാഗമായി കോട്ടയം വെസ്റ്റ് ക്ലബിൽ രജിസ്റ്റർ ചെയ്ത 19 ചെറുവള്ളങ്ങളുടെ മത്സരവും നടക്കും.
ആദ്യ മൂന്ന് ഹീറ്റ്‌സ് മത്സരങ്ങൾക്കു ശേഷമാണ് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരം. ഇടവേളയ്ക്കുശേഷം ചെറുവള്ളങ്ങളുടെ ലൂസേഴ്‌സ്, ഫൈനൽ മത്സരങ്ങൾ നടക്കും. തുടർന്നാണ് സി.ബി.എൽ. ഫൈനൽ മത്സരം നടക്കുക. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ സി.ബി.എൽ. ഉദ്ഘാടനം ചെയ്യും.
വള്ളംകളിയുടെ തുടക്കത്തിലും ഇടവേളകളിലും ചങ്ങാടങ്ങളിൽ കലാപരിപാടികളും അരങ്ങേറും. വള്ളംകളിക്കുള്ള ഒരുക്കം അന്തിമഘട്ടത്തിലാണെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാർ അറിയിച്ചു.