തൊടുപുഴ: കെഎസ്ആർടിസി തൊടുപുഴ ഡിപ്പോയിൽ ചെക്കിംഗ് ഇൻസ്പെക്ടർമാർ തമ്മിത്തല്ലി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. ദൃശ്യങ്ങൾ പുറത്തായതോടെയാണ് വാർത്തയായത്. ബസുകൾ ചെക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകുകയും അവസാനം കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. തൊടുപുഴ വിജിലൻസ് വിഭാഗത്തിലെ എസ് പ്രദീപും തൊടുപുഴ ഡിപ്പോയിലെ ഇൻസ്പെക്ടർ രാജു ജോസഫുമാണ് തമ്മിൽ തല്ലിയത്. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും മുന്നിൽ ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ തല്ലിയത് വകുപ്പിന് നാണക്കേടുണ്ടാക്കി. അതേസമയം, ചെറിയൊരു ഉന്തും തള്ളും മാത്രമാണുണ്ടായതെന്ന് ഡിടിഒ വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാണ് പ്രശ്നമെന്നും സർവീസുമായി ബന്ധപ്പെട്ട പ്രശ്നമല്ലെന്നും ഡിടിഒ പറഞ്ഞു.