കോട്ടയം നിലനിർത്താൻ കേരള കോൺഗ്രസ് എം; നേരിടാൻ പിജെ ജോസഫ് വരുമോ? ആര് വന്നാലും നേരിടാൻ ഞങ്ങൾ റെഡിയെന്ന് ജോസ് കെ മാണി



 കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിൽ യുഡിഎഫിനുവേണ്ടി പിജെ ജോസഫ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. ആര് വന്നാലും നേരിടാൻ ഞങ്ങൾ റെഡിയാണ്. പിജെ ജോസഫ് സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് അറിയില്ലെന്നും ജോസ് കെ മാണി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കേരള കോൺഗ്രസ് എമ്മിൻ്റെ ചർച്ചകളെക്കുറിച്ചും ജോസ് കെ മാണി പ്രതികരിച്ചു. കഴിഞ്ഞ ദിവസം പാർട്ടിയുടെ ഉന്നതാധികാര സമിതി ചേർന്നിരുന്നു. മേഖലകൾ വിലയിരുത്താൻ നിർദേശിച്ചിട്ടുണ്ട്. കേരള കോൺഗ്രസിന് മധ്യതിരുവിതാംകൂറിൽ സ്വാധീനമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എൽഡിഎഫിൽ ഉണ്ടായിട്ടില്ല. ചർച്ചകൾ നടക്കുമ്പോൾ ഇക്കാര്യങ്ങൾ പറയുമെന്നും അദ്ദേഹം പ്രതികരിച്ചു.കോട്ടയം സീറ്റിൽ കേരള കോൺഗ്രസ് എമ്മിനുവേണ്ടി സിറ്റിങ് എംപി തോമസ് ചാഴികാടൻ തന്നെ മത്സരിക്കാനാണ് സാധ്യതയേറുന്നത്. എംപി ഫണ്ട് വിനിയോഗത്തിൽ ഒന്നാമനെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാഴികാടൻ്റെ ഫ്ലക്സ് ബോർഡ് മാസങ്ങൾക്കു മുൻപു തന്നെ കേരള കോൺഗ്രസ് മണ്ഡലത്തിലൂടനീളം സ്ഥാപിച്ചിട്ടുണ്ട്. 2019ൽ യുഡിഎഫ് സ്ഥാനാർഥിയായാണ് തോമസ് ചാഴികാടൻ മത്സരിച്ചിരുന്നത്. കേരള കോൺഗ്രസ് പിളർപ്പിനെ തുടർന്ന് തോമസ് ചാഴികാടൻ ഉൾപ്പെടുന്ന ജോസ് കെ മാണി വിഭാഗം മുന്നണിവിട്ട് എൽഡിഎഫിൽ ചേരുകയായിരുന്നു. പിജെ ജോസഫ് വിഭാഗം യുഡിഎഫിൽ തുടരുകയും ചെയ്തു.കോട്ടയം ലോക്സഭാ സീറ്റ് ഇക്കുറിയും യുഡിഎഫ് കേരള കോൺഗ്രസിനു വിട്ടുകൊടുത്തേക്കുമെന്നാണ് സൂചന. മണ്ഡലത്തിലേക്ക് പിജെ ജോസഫിൻ്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. 2019ലും ഇതേ സീറ്റിലേക്ക് പിജെ ജോസഫിൻ്റെ പേര് പരിഗണിച്ചിരുന്നു. ഒടുവിലാണ് യുഡിഎഫിനുവേണ്ടി തോമസ് ചാഴികാടൻ മത്സരത്തിനിറങ്ങിയത്. നിലവിൽ തൊടുപുഴ എംഎൽഎയായ പിജെ ജോസഫ് കോട്ടയത്ത് മത്സരിച്ചാൽ സമുദായ സമവാക്യങ്ങൾ അനുകൂലമാകുമെന്നും മണ്ഡലം പിടിച്ചെടുക്കാനാകുമെന്നുമാണ് മുന്നണിയിലെ വിലയിരുത്തൽ. ജോസഫിനു പുറമേ, കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിൻ്റെ പേരും പരിഗണനയിലുണ്ട്. 2019ൽ എൻഡിഎയ്ക്ക് വേണ്ടി മത്സരിച്ച പിസി തോമസ് നിലവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പമാണ്.

2019ലെ തെരഞ്ഞെടുപ്പിൽ 421,046 വോട്ടുകൾ നേടിയാണ് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന തോമസ് ചാഴികാടൻ വിജയിച്ചത്. എൽഡിഎഫിനുവേണ്ടി വിഎൻ വാസവന് 3,14,787 വോട്ടും എൻഡിഎയ്ക്ക് വേണ്ടി മത്സരിച്ച പിസി തോമസിന് 1,54,658 വോട്ടുമാണ് ലഭിച്ചത്.

Previous Post Next Post